വെമ്പായത്ത് ആത്മഹത്യ ചെയ്ത പ്രിയങ്കയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജിന്റെ ഉറപ്പ്. പരാതി പരിഹരിക്കാൻ നടപടി സ്വീകരിക്കും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ട്വന്റിഫോറിന്റെ ‘ഒറ്റയ്ക്കല്ല ഒപ്പം’ എന്ന പ്രത്യേക തത്സമയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രിയങ്കയെ ഭർത്താവ് ഉണ്ണിയും അമ്മയും ചേർന്നാണ് മർദിച്ചതെന്ന് കാണിച്ച് പരാതി നൽകിയിരുന്നുവെന്നും അമ്മ പറഞ്ഞു. മകളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ നൽകിയിരുന്നു. മകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല. പൊലീസുകാർ ഒത്തുകളിക്കുകയാണ്. അത് തങ്ങൾക്ക് മനസിലായി. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരാൻ പാടില്ല. തങ്ങൾക്ക് നീതി കിട്ടണമെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു. പരാതി കേട്ട മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.