തമിഴിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യ ശങ്കര്‍ വിവാഹിതയായി. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് (ടിഎന്‍പിഎല്‍) ക്രിക്കറ്റ് താരം രോഹിത് ദാമോദരനായിരുന്നു വരന്‍. ഞായറാഴ്ച നടന്ന വിവാഹ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ ഉള്‍പ്പടെ രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാനദണ്ഡ പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്.

ഡോക്ടറാണ് ഐശ്വര്യ. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുര പാന്തേഴ്സിനു വേണ്ടിയാണ് രോഹിത് കളിക്കുന്നത്. രോഹിത്തിന്റെ പിതാവും വ്യവസായിയുമായ ദാമോദരന്‍റെ ഉടമസ്ഥതയിലാണ് മധുര പാന്തേഴ്സ് ഫ്രാഞ്ചൈസി. വിവാഹത്തില്‍ ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. തെന്നിന്ത്യന്‍ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. വിക്രം നായകനായി തമിഴില്‍ സൂപ്പര്‍ ഹിറ്റായ അന്യന്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കര്‍. മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രണ്‍വീര്‍ സിങ് ആണ് അന്യന്‍ ഹിന്ദി പതിപ്പില്‍ നായകനായി എത്തുന്നത്. ചിത്രീകരണത്തിനായി രണ്‍വീര്‍ സിങ്ങിനെ പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിച്ചിട്ടുണ്ട്.

കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യ 2 ആയിരിക്കും ശങ്കറിന്റെ അടുത്ത ചിത്രം. രജനികാന്ത് നായകനായ 2.0 ആയിരുന്നു ശങ്കര്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ബോളിവുഡ് താരം അക്ഷയ് കുമാറായിരുന്നു ഈ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചലച്ചിത്രകാരനാണ് ശങ്കര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളാണ്. 1993-ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്കാരവും തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്കാരവും ശങ്കറിനെ തേടി എത്തി. 2007-ല്‍ എം. ജി. ആര്‍. സര്‍വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഇന്ത്യന്‍ (1996), ജീന്‍സ് (1998), മുതല്‍വന്‍ (1999), ബോയ്സ് (2003), അന്യന്‍ (2005), ശിവാജി (2007), എന്തിരന്‍ (2010), നന്‍പന്‍ (2012), ഐ (2015), 2.0 (2018) എന്നിവയാണ് ശങ്കര്‍ സംവിധാനം ചെയ്ത പ്രധാനപ്പെട്ട ചിത്രങ്ങള്‍. ഇന്ത്യന്‍, ജീന്‍സ് എന്നീ ചിത്രങ്ങളെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനായി പരിഗണിച്ചിരുന്നു.

1963 ഓഗസ്റ്റ് 17-ന് തമിഴ്നാട്ടിലെ സേലത്താണ് ശങ്കര്‍ ജനിച്ചത്. ഷണ്‍മുഖവും മുത്തുലക്ഷ്മിയുമാണ് മാതാപിതാക്കള്‍. സെന്‍ട്രല്‍ പോളിടെൿനിക് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. ഈശ്വരിയാണ് ഭാര്യ. ശങ്കറിന് ഐശ്വര്യയെ കൂടാതെ ഒരു മകളും മകനും ഉണ്ട്.