പി. പി. ചെറിയാന്
വാഷിങ്ടൻ ഡി സി ∙ ജനുവരി 6ന് നടന്ന ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കെടുത്ത മോർഗൻ ലോയ്സ് (49) എന്ന ഇന്ത്യാനയിൽ നിന്നുള്ള വനിതയ്ക്ക് ജയിൽ ശിക്ഷ ഒഴിവാക്കികൊണ്ടു 36 മാസത്തെ നല്ല നടപ്പിന് ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചു. ഇതിനു പുറമെ 120 മണിക്കൂർ കമ്മ്യൂണി സർവീസിനും, 500 ഡോളർ നഷ്ടപരിഹാരം നൽകുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു.
യുഎസ് കോൺഗ്രസിലേക്ക് ഇരച്ചു കയറി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയിരുന്ന കേസ്. ചുരുങ്ങിയത് 6 മാസമെങ്കിലും ജയിൽ ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ഇവർ കുറ്റം സമ്മതിക്കുകയും, പ്രോസിക്യൂട്ടറുമായി ധാരണയിൽ എത്തിയതുമാണ് ജയിൽ ശിക്ഷ ഒഴിവാക്കാൻ കാരണമായത്.
കലാപത്തിൽ പങ്കെടുത്ത 500 പേർക്കെതിരെയാണ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇന്ത്യനയിൽ നിന്നും ഡ്രൈവ് ചെയ്താണ് മോർഗൻ ട്രംപിന് പിന്തുണ പ്രഖ്യാപിക്കാൻ വാഷിങ്ടനിൽ എത്തിചേർന്നത്.



