പി. പി. ചെറിയാന്‍
വാഷിങ്ടൻ∙ ∙ നോർത്ത് ഈസ്റ്റ് വാഷിങ്ടൻ ഡിസി റൂട്ട് 295 ൽ ജൂൺ 23 ബുധനാഴ്ച പെഡസ്ട്രയ്ൻ പാലം തകർന്ന് വീണ് അഞ്ചു പേർക്ക് പരുക്കേറ്റതായി അധികൃതർ പറഞ്ഞു. പാലത്തിന്റെ തൂണിൽ ട്രക്ക് വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തുടർന്നു വാഹന ഗതാഗതം തടസ്സപ്പെടുകയും, മൈലുകളോളം വാഹനങ്ങൾ നിരത്തിൽ മുമ്പോട്ടു പോകാനാകാത്ത അവസ്ഥയായിരുന്നു. വലിയൊരു അപകടം സംഭവിക്കാതിരുന്നത് ഭാഗ്യമാണെന്നായിരുന്നു സിറ്റിയുടെ ആക്ടിംഗ് ഡെപൂട്ടി മേയർ ഫോർ പബ്ലിക്ക് സേഫ്റ്റി ക്രിസ്റ്റൊഫർ അറിയിച്ചത്. ട്രക്ക് പൂർണ്ണമായും തകർന്നിരുന്നു.
പതിനാലു അടി ഉയരം വരെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലമാണു തകർന്നു വീണത്. ഫെബ്രുവരി മാസമായിരുന്നു പാലത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയതെന്നും പൂർണ്ണ പ്രവർത്തന സജ്ജമായിരുന്ന പാലത്തിന്റെ എല്ലാ തൂണുകളെന്നും ഡപൂട്ടി മേയർ പറഞ്ഞു. ഫെബ്രുവരിക്കുശേഷം എന്തു സംഭവിച്ചുവെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പ്രതികരിക്കാൻ ട്രാൻസ്പോർട്ടേഷൻ അപ്പാർട്ട്മെന്റ് തയ്യാറായില്ല. ഡിസി പോലിസ് മേജർ ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഗതാഗതം സാധാരണ നിലയിൽ എത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
ഡീൻവുഡ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രധാന റൂട്ടായിരുന്നു തകർന്നു വീണ പാലത്തിന്റേതെന്ന് അധികൃതർ അറിയിച്ചു.



