ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 10,448 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 270 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.കര്‍ണാടകയില്‍ 7345 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്,148 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ 10,107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 237 മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തു. ദില്ലിയില്‍ 212 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.27% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകള്‍ 2749 ആയി.

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ 14.2% ഗര്‍ഭിണികളെയാണ് കൊവിഡ് ബാധിച്ചത് എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇത് 28.7% മായി ഉയര്‍ന്നെന്ന് ഐ സി എം ആര്‍ വ്യക്തമാക്കി. ഒന്നാം തരംഗത്തില്‍ 0.7% മരണനിരക്കും രണ്ടാം തരംഗത്തില്‍ 5.7% മരണ നിരക്കും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചു മരിച്ച ഗര്‍ഭിണികളില്‍ മിക്കവരും ന്യുമോണിയ ബാധിച്ചോ ശ്വസന സംബദ്ധമായ പ്രശ്നങ്ങള്‍ കൊണ്ടോ ആണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഐ സി എം ആര്‍ അറിയിച്ചു.കൊവിഡ് രണ്ടാം തരംഗത്തില്‍ 730 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഐ സി എം ആര്‍ വ്യക്തമാക്കി.

ബീഹാറില്‍ മാത്രം 115 ഡോക്ടര്‍മാര്‍ക്കും ,ദില്ലിയില്‍ 109 ഡോക്ടര്‍മാര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്.കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള നീട്ടാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എന്‍‌ടി‌ജി‌ഐയുടെ കൊവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍‌ കെ പറഞ്ഞു.

ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് നീക്കം. ഡോസിന്റ ഇടവേള രാഷ്ട്രീയവത്കരിക്കരുതെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടവേള നീട്ടുന്നതെന്നും ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.

ബ്ലാക്ക് വൈറ്റ് യെല്ലോ എന്നീ ഫംഗസ് ബാധകള്‍ക്ക് പിന്നാലെ രാജ്യത്ത് ഗ്രീന്‍ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവിനാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട്‌ ചെയ്തത്.കൊവിഡ് ചികിത്സയിലായിരുന്ന യുവാവിന്റെ ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ ഇന്‍ഡോറിലെ ആശുപത്രിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി.