ഡല്‍ഹി: അമിതവേഗതമൂലം അപകടങ്ങള്‍ പതിവായതിന് പിന്നാലെ ഡല്‍ഹിയില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഒപ്പുവെച്ചു. നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു.
ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും കാറുകള്‍, ടാക്സികള്‍, ജീപ്പ് തുടങ്ങിയവയുടെ വേഗത മണിക്കൂറില്‍ 50-70 കിലോമീറ്ററായും, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായും ആണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും ഇരുചക്രവാഹനങ്ങളുടെ വേഗത 50-60 കിലോമീറ്റര്‍ ആക്കി നിര്‍ണ്ണയിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററായാണ് പുനര്‍നിര്‍ണയിച്ചിട്ടുള്ളത്.



