ബി.ജെ.പി. നേതാക്കള്‍ പണം നല്കി സ്ഥാനാര്‍ഥിയെ പിന്മാറ്റി എന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തേക്കും. ബി.ജെ.പി നേതാക്കള്‍ പണവും ഫോണും നല്‍കിയതിനാലാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന സംഘവും കെ. സുന്ദരയില്‍ നിന്നും മൊഴി എടുക്കുമെന്ന് സൂചന.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ബദിയടുക്ക പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തതേക്കുമെന്ന് വിവരം. സംഭവത്തില്‍ സുന്ദരയുടെയും വി.വി രമേശന്റെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സുനില്‍ നായക്കിനും സംഭവത്തില്‍ പങ്കുള്ളതായുള്ള വിവരങ്ങള്‍ പുറത്ത് വന്നു. മാര്‍ച്ച് 21ന് ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണം നല്‍കിയെന്നാണ് സുന്ദര പൊലീസിന് നല്കിയ മൊഴി.
പണവുമായെത്തിയ സംഘത്തില്‍ സുനില്‍ നായ്ക്ക് ഉണ്ടായിരുന്നെന്ന് സുന്ദര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന സംഘവും കാസര്‍കോടെത്തി സുന്ദരയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് സുന്ദരയ്ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഒരു എ.എസ്.ഐ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ ടീമിനെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചത്.



