പത്തനംതിട്ട : കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബി ജെ പിയിലെ സംസ്ഥാന നേതാക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെ സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലിയാണ് ആരോപണം. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ സോജിയാണ് പെട്ടികളിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടത്.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന് പാര്‍ട്ടി ഹെലികോപ്ടര്‍ അനുവദിച്ചത്. പത്തനംതിട്ടയില്‍ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും പെരുന്നാട് മാമ്ബാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാടിലുമാണ് സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് ആരോപണം. പൊലീസ് ഈ ബാഗുകള്‍ പരിശോധിക്കാന്‍ തയ്യാറായില്ല എന്നും ആക്ഷേപം ഉണ്ട്. കൊടകര കുഴപ്പണ കേസില്‍ സുരേന്ദ്രനെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് വിളിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പെട്ടികള്‍ സംബന്ധിച്ച്‌ പുതിയ ആരോപണം ഉയരുന്നത്.