തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഒമ്പതുമണിക്ക് ബജറ്റ് അവതരിപ്പിക്കും. ജനുവരിയില്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ല. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ കോവിഡ് വാക്‌സിന് വേണ്ട വകയിരുത്തലുകള്‍ ഉണ്ടാകും.

കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്‌സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്. ലോക്ക്ഡൗണ്‍ അടക്കമുളള ഈ പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റില്‍ പുതിയ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. അതിവേഗ റെയില്‍പാത,വ്യവസായ ഇടനാഴി എന്നിവ ബജറ്റില്‍ ഇടംപിടിക്കും. മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാകും കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക.

തിരഞ്ഞെടുപ്പുകാല ബജറ്റില്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരമേല്‍പ്പിക്കാനുളള ധൈര്യം സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തമൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ വരുമാനം കണ്ടെത്താന്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകും.

ജിഎസ്ടിക്ക് മുമ്പുളള കുടിശ്ശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ സെസ് കൂടി ചുമത്തി വരുമാനം കണ്ടെത്താനുളള സാഹസം ധനമന്ത്രി കാണിക്കുമോയെന്നും ബജറ്റ് പെട്ടി തുറക്കുമ്പോള്‍ മാത്രമേ വ്യക്തമാകൂ.