ഒരു പതിറ്റാണ്ടിലേറെയായി ഇസ്രായേല്‍ ഭരിച്ച ബെഞ്ചമിന്‍ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ പടിയിറക്കത്തിനുള്ള തുടക്കമാണ് ഈ കഴിഞ്ഞ വാരാന്ത്യം സാക്ഷ്യം വഹിച്ചത്. നെതന്യാഹുവിന്റെ സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റിന്റെ പേരാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിനിടയിലാണ്, നെതന്യാഹുവിന്റെ സഖ്യകക്ഷിയായ നഫ്താലി ബെന്നറ്റ് നെതന്യാഹുവുമായി പിരിഞ്ഞതും, രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള ശ്രമം പ്രഖ്യാപിച്ചതും. നെതന്യാഹുവിനെ പുറത്താക്കിയ ശേഷം ബെന്നറ്റ് രാജ്യത്തെ നയിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു തട്ടിപ്പ് കേസില്‍ വിചാരണയിലാണ്. ഒപ്പം ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ പിന്തുണ നേടുന്നതിലും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു അത്.

ആരാണ് നഫ്താലി ബെന്നറ്റ്?
സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കോടികള്‍ സമ്ബാദിച്ചിരുന്ന ഐടി സംരംഭകനായിരുന്നു 49കാരനായ നഫ്താലി ബെന്നറ്റ്. ഒരു തീവ്ര വലതുപക്ഷ ദേശീയ വാദി എന്നാണ് നെഫ്താലിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിനേക്കാള്‍ വലിയ തീവ്ര വലതുപക്ഷക്കാരനാണ് താനെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ‘ദ ടൈംസ് ഓഫ് ഇസ്രായേലി’ന് നല്‍കിയ അഭിമുഖത്തില്‍ ബെന്നറ്റ് തന്നെ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടി വിദ്വേഷമോ വിഭാഗീയതയോ ആയുധമാക്കില്ലെന്നും ബെന്നറ്റ് പറയുന്നു.

അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന് ബെന്നറ്റ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. 2013 ല്‍ ഇസ്രയേലിന്റെ സജീവ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ നിലപാടാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

2013ലാണ് ബെന്നറ്റ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നതെങ്കിലും അതിനുമുന്‍പ് 2006 മുതല്‍ 2008 വരെ നെതന്യാഹുവിന്റെ സഹായിയും മുഖ്യ ഉപദേഷ്ടാവുമായെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ ഭാഗവുമായിരുന്നു. പിന്നീട്, നെതന്യാഹുവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.

ബെന്നറ്റ്, 2013ല്‍ വലതുപക്ഷ ദേശീയ കക്ഷിയായ ജ്യൂയിഷ് ഹോം പാര്‍ട്ടിയിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2013 ല്‍ തന്നെ പാര്‍ലമെന്റില്‍ ഇതേ പാര്‍ട്ടിയുടെ പ്രതിനിധിയായി പ്രവേശിക്കുകയും ചെയ്തു.

2015 വരെ നെതന്യാഹു സര്‍ക്കാരില്‍ ധനകാര്യ, മതസേവന മന്ത്രിയായിരുന്നു ബെന്നറ്റ്. തുടര്‍ന്ന് 2015 മുതല്‍ 2019 വരെ വിദ്യാഭ്യാസ മന്ത്രിയും. 2018 ഡിസംബറില്‍ ജ്യൂയിഷ് പാര്‍ട്ടിയില്‍നിന്ന് കൂറുമാറിയ ബെന്നറ്റ് ‘യമീന’ എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയും സ്വന്തമായി ആരംഭിച്ചു.

ബെന്നറ്റിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം
ജൂതരാഷ്ട്രത്തിന്റെ ശക്തനായ വക്താവായാണ് നഫ്താലി ബെന്നറ്റ് അറിയപ്പെടുന്നത്. 1967 ലെ യുദ്ധത്തിനുശേഷം ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഇസ്രായേല്‍-സിറിയ അതിര്‍ത്തിക്കടുത്തുള്ള പ്രദേശമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറുസലേം, ഗോലാന്‍ ഹൈറ്റ്സ് എന്നിവിടങ്ങളിലെ അവകാശവാദങ്ങളും ബെന്നറ്റിനെ പ്രശ്സതനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ജൂത കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ കൂട്ടായ്മയായ യെഷാ കൗണ്‍സിലിന്റെ തലവനായിരുന്ന ബെന്നറ്റ് വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി ദീര്‍ഘകാലമായി വാദിച്ചിരുന്നു. എങ്കിലും, ബെന്നറ്റ് ഒരിക്കലും ഗാസയുടെ മേല്‍ ഇസ്രയേലിന്‍്റെ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഫലസ്തീന്‍ തീവ്രവാദികളോട് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും വാദിക്കുന്നയാളാണ് ബെന്നറ്റ്. ഗാസയില്‍ നിന്നുള്ള ഹമാസിന്‍്റെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസയില്‍ സാധാരണക്കാരായ ജനങ്ങളുടെ മരണത്തിന് കാരണം ഹമാസ് ആണെന്നും ബെന്നറ്റ് പറഞ്ഞിരുന്നു.