കോവിഡ് വാക്സിനേഷന്‍ എടുക്കാന്‍ അമേരിക്കന്‍ ജനതയെ പ്രോത്സാഹിപ്പിച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍. ‘ഒരു ബിയര്‍ കഴിക്കുക. വാക്സിനേഷന്‍ എടുക്കുക’ എന്നതാണ് ബൈഡന്റെ പുതിയ പ്രസ്താവന.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലോടെ 70 ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടല്‍. ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ പ്രഖ്യാപനം. പ്രായപൂര്‍ത്തി ആയവരുടെ ജനസംഖ്യയില്‍ 63 ശതമാനം പേര്‍ നിലവില്‍ യുഎസില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്.
മുഴുവന്‍ ജനങ്ങളെയും വാക്സിന്‍ എടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്ബനി മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട് ചെയ്തു കഴിഞ്ഞു.

അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടെന്ന ബൈഡന്റെ പ്രഖ്യാപനം വാക്‌സിനേഷന്‍ രംഗത്ത് വലിയ ഉത്തേജനം നല്‍കിയിട്ടുണ്ട്. രണ്ട് വാക്‌സിനുമെടുക്കാന്‍ ആളുകള്‍ അതീവ താല്‍പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡിനതിരായ ഒരു വര്‍ഷം നീണ്ട പോരാട്ടത്തില്‍ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിനേഷന്‍ പൂര്‍ണമായാല്‍ മാത്രമേ സമ്ബൂര്‍ണ സുരക്ഷ നേടാന്‍ കഴിയുകയുള്ളുവെന്നും ബൈഡന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കപേക്ഷിച്ച്‌ അമേരിക്കയിലെ മരണനിരക്ക് 80 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ബൈഡന്‍ അധികാരമേറ്റയുടനെ നൂറ് ദിവസത്തേക്ക് അമേരിക്കകാരെല്ലാം മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.