കല്‍പറ്റ: എന്‍.ഡി.എയുമായി സഹകരിക്കാന്‍ കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണം നിഷേധിച്ച്‌ സി.കെ ജാനു. കേന്ദ്രമന്ത്രിയായിട്ടുള്ള അമിത് ഷാ ആയിട്ടുപോലും ബന്ധമുള്ള തനിക്ക് സുരേന്ദ്രനുമായി കാശിടപാട് നടത്താന്‍ ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിന് പിന്നിലുള്ള രണ്ടുപേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കാന്‍ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍​ പത്ത്​ ലക്ഷം രൂപ നല്‍കിയതായി സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാര്‍ട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോടാണ്​ ആരോപണം ഉന്നയിച്ചത്​.
ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രന്‍ തിരുരവനന്തപുരത്ത്​ വെച്ച്‌​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നല്‍കുകയായിരു​ന്നുവെന്നും പ്രസീത ആരോപിച്ചു. ഇതേ തുടര്‍ന്ന്​ സംസ്​ഥാനത്ത്​ അമിത്​ ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന്​ ജാനു സമ്മതിച്ചു. സി.കെ. ജാനുവി​െന്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുപയോഗിച്ചത്​ കുഴല്‍പ്പണമായിരു​ന്നുവെന്ന്​ സംശയിക്കുന്നതായും അവര്‍ ആരോപിച്ചിരുന്നു.

പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചാണ്‌ കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന്‌ പത്ത്‌ ലക്ഷം രൂപ കൈമാറിയത്‌. അമിത്‌ ഷായുടെ പരിപാടി ആരംഭിക്കുന്നതിന്‌ മുമ്ബായിരുന്നു ഇത്‌. അന്നേദിവസം സി.കെ.ജാനു ഏത്‌ ഹോട്ടലിലാണ്‌ താമസിക്കുന്നതെന്ന്‌ തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

പത്ത്‌ ലക്ഷം രൂപ നല്‍കിയാല്‍ സി.കെ ജാനു സ്ഥാനാര്‍ഥിയാകാമെന്ന്‌ സമ്മതിച്ചതിനാല്‍ പണം കൈമാറാമെന്ന്‌ കെ.സുരേന്ദ്രന്‍ പ്രസീതയോട് പറയുന്ന ഓഡിയോ സംഭാഷണമാണ് പുറത്തുവന്നത്.