ഷില്ലോങ്​: വനത്തില്‍ നിന്ന്​ ശേഖരിച്ച കൂണ്‍ കഴിച്ച്‌​ കുടുംബത്തിലെ അഞ്ച്​ പേര്‍ മരിച്ചു. മേഘാലയയിലെ വെസ്​റ്റ്​ ഖാസി ജില്ലയിലെ മെയ്​രോങ്​ സിവില്‍ സബ്​ ഡിവിഷനിലാണ്​ സംഭവം.

പ്രദേശത്തെ വനത്തില്‍ കണ്ടുവരുന്ന ‘ടിറ്റ്-​ബേര്‍’ എന്ന കൂണ്‍ ആണ്​ ​കുടുംബം ഭക്ഷിച്ചത്​. ഈ കൂണ്‍ പ്രദേശത്തുകര്‍ പൊതുവേ ഭക്ഷണത്തില്‍ ഉള്‍പെടുത്താറുള്ളതാണ്​. കൂണ്‍ കഴിച്ച ഇവരുടെ കുടുംബത്തിലെ എട്ട്​ അംഗങ്ങള്‍ക്കാണ്​ അസുഖം ബാധിച്ചത്​. ​ഗ്രാമീണര്‍ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു.

ലുംദാം ഗ്രാമത്തില്‍ നിന്നുള്ളവരാണ്​ കുടുംബമെന്ന്​ വെസ്​റ്റ്​ ഖാസി പൊലീസ്​ സൂപ്രണ്ട്​ ഹെര്‍ബെര്‍ട്​ ജി ലിങ്​ദോ പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന പെണ്‍കുട്ടിയും ഇളയ മകനും രക്ഷപെട്ടു. ഇവരുടെ പിതാവ്​ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്​.