കോല്‍ക്കത്ത: കേന്ദ്രത്തിനെതിരേ വീണ്ടും വാളെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രം തിരിച്ചുവിളിച്ച ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ മമത തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു.
ഇന്നലെ രാവിലെ 10നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ആലാപനോടു കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. അതേസമയം, അദ്ദേഹം ഇന്നലെ സര്‍വീസില്‍നിന്നു വിരമിച്ചെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ചീഫ് സെക്രട്ടറിയായും ബി.പി. ഗോപാലികയെ ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചുവെന്നും മമത പറഞ്ഞു. മൂന്നുവര്‍ഷത്തേക്കാണ് ആലാപന്റെ നിയമനം. അദ്ദേഹം നാളെചുമതലയേല്ക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
കോവിഡും യാസ് ചുഴലിക്കാറ്റും നാശം വിതയ്ക്കുന്ന ദിനങ്ങളില്‍ ആലാപന്റെ സേവനം തുടര്‍ന്നും സംസ്ഥാനത്തിന് ആവശ്യമാണെന്നും അദ്ദേഹത്തെ ഡല്‍ഹിക്കു വിട്ടു തരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തില്‍ മമത ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണു മമത പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇത്തരത്തില്‍ അവജ്ഞ നേരിടുന്നവരാണ്. ഏകപക്ഷീയമായി ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. തോന്നുന്പോള്‍ തിരിച്ചുവിളിക്കാന്‍ കേന്ദ്രം കെട്ടിയിട്ടുവളര്‍ത്തുന്ന തൊഴിലാളികളല്ല ചീഫ് സെക്രട്ടറിമാര്‍ എന്നായിരുന്നു മമതയുടെ രൂക്ഷമായ പ്രതികരണം.
യാസ് ചുഴലിക്കാറ്റിന്റെ സ്ഥിതിഗതി വിലയിരുത്താന്‍ വെള്ളിയാഴ്ച മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്നു മമതയും ചീഫ് സെക്രട്ടറിയും വിട്ടുനിന്നിരുന്നു.
ചീഫ് സെക്രട്ടറി പങ്കെടുക്കാത്തതിലുള്ള അമര്‍ഷം മോദി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, ആലാപനു കേന്ദ്രം ഇന്നലെ ഷോക്കോസ് നോട്ടീസ് അയച്ചു.



