ബംഗലുരു: പ്രതിപക്ഷത്തെ അട്ടിമറിച്ച്‌ കര്‍ണാടക ഭരണം തിരിച്ചുപിടിച്ച കര്‍ണാടക ബിജെപിയില്‍ പാളയത്തില്‍ പട. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാനുള്ള പുതിയ നീക്കം പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി യെദ്യൂരപ്പ ഒറ്റപ്പെടുന്നു.

ടൂറിസം മന്ത്രി സി. പി. യോഗീശ്വര കൂടി ഡല്‍ഹിയില്‍ എത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കം യദ്യൂരപ്പയും തുടങ്ങിയിട്ടുണ്ട്. ബിജെപി സംസ്ഥാന ഘടകത്തില്‍ അടുത്തിടെയായി ഉടലെടുത്ത കുഴപ്പങ്ങള്‍ വിഭാഗീയതയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ്.

ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത്ത് നാരായന്‍, ഭവനമന്ത്രി വി സോമന്ന, ഖനി മന്ത്രി മുരുഗേഷ് നിറാണി എന്നിവര്‍ യെദിയൂരപ്പയ്ക്കു പിന്തുണയുമായി എത്തിയതോടെ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കും.

പാര്‍ട്ടിക്കുള്ളിലെ തന്നെ അനുകൂലിക്കുന്നവരെ നിരത്തി പ്രതിരോധിക്കാനാണ് യെദ്യൂരപ്പയുടെ ശ്രമം. വിമത യോഗങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് റവന്യൂമന്ത്രി അശോക പ്രതികരിച്ചു. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്.