മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ എന്നും ശക്തമായി നിലകൊണ്ടിട്ടുള്ള പോപ്പ് ഫ്രാന്‍സിസിന് പുതിയ വൈദ്യുത വാഹനം ലഭിക്കും. യാത്ര ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് മാര്‍പാപ്പയെ കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കും വാഹനത്തിന്റെ രൂപകല്‍പ്പന എന്നാണ് അറിയാന്‍ കഴിയുന്നത്.
ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസ്കര്‍ എന്ന സ്ഥാപനമാണ് പോപ്പ് മൊബൈല്‍ എന്ന പേരില്‍ അറിയപ്പെടാന്‍ പോകുന്ന ഈ വൈദ്യുത കാര്‍ നിര്‍മിക്കുന്നത്. റോയിറ്റേഴ്‌സ് പങ്കുവയ്ക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ വാഹനത്തിന് സോളാര്‍ റൂഫ് ആയിരിക്കും ഉണ്ടാവുക. പോരാത്തതിന് കടലില്‍ നിന്ന് വീണ്ടെടുത്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്താണ് കാറിന്റെ കാര്‍പെറ്റുകള്‍ ഉണ്ടാക്കുന്നത്.
പൂര്‍ണമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഓഷ്യന്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തിന് രൂപമാറ്റം വരുത്തിയാണ് പോപ്പിന് വേണ്ടിയുള്ള കാര്‍ കമ്പനി നിര്‍മിക്കുന്നത്. കമ്പനിയുടെ സ്ഥാപകരായ ഹെന്‍റിക് ഫിസ്കര്‍, ഡോ. ഗീത ഗുപ്ത ഫിസ്കര്‍ എന്നിവര്‍ ചേര്‍ന്ന് അടുത്തിടെ റോമന്‍ കത്തോലിക്കാ പള്ളിയുടെ മേധാവിയുമായി വത്തിക്കാന്‍ സിറ്റിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘പ്രകൃതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഭാവി തലമുറകളില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തെക്കുറിച്ചും വലിയ ആകുലതകള്‍ ഉള്ള ആളാണ് പോപ്പ് ഫ്രാന്‍സിസ് എന്ന് വായിച്ചറിയാന്‍ കഴിഞ്ഞത് എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്’ – ഫിസ്കര്‍ അഭിപ്രായപ്പെട്ടതായി റോയ്‌റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പോപ്പിനുള്ള അവബോധമാണ് ഈ കാറിന്റെ രൂപകല്‍പ്പനയുടെ പിന്നിലെ പ്രചോദനമെന്ന് ഹെന്‍റിക് ഫിസ്കര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ‘തീവ്രമായ മലിനീകരണത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള സാങ്കേതികവിദ്യകളില്‍ അധികം വൈകാതെ കാതലായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗൗരവതരമായ ഉത്തരവാദിത്തങ്ങള്‍ വിശാലമനസ്കതയോടെ ഏറ്റെടുത്തതിന്റെ പേരില്‍ മാനവരാശി ഓര്‍മിക്കപ്പെടുമെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്’ – പോപ്പ് ഫ്രാന്‍സിസ് മെയ് 19ന് ട്വീറ്റ് ചെയ്തു. തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാറിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ നോക്കുന്ന പോപ്പിന്റെ ചിത്രം ഹെന്‍റിക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
‘പോന്റിഫെക്‌സില്‍ വെച്ച് പോപ്പുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കരുതുന്നു. നമുക്ക് പ്രകൃതിയോടും ഇനി വരാന്‍ പോകുന്ന തലമുറകളോടും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് തികഞ്ഞ ധാരണ ഉള്ളയാളാണ് പോപ്പ് ഫ്രാന്‍സിസ്. പൂര്‍ണമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പോപ്പ് മൊബൈലിനെ ഞങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്’ – ഹെന്‍റിക് ഫിസ്കര്‍ ട്വീറ്റ് ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളില്‍ എന്നും അനുഭാവപൂര്‍വ്വമായ നിലപാട് കൈക്കൊണ്ടിട്ടുള്ള മാര്‍പാപ്പമാരില്‍ ഒരാളാണ് പോപ്പ് ഫ്രാന്‍സിസ്.



