ന്യൂഡല്‍ഹി: ഈ വര്‍ഷം ലഭ്യമാകില്ലെങ്കിലും കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത ‘നേസല്‍ കോവിഡ്​ വാക്​സിന്‍’ കുട്ടികളിലെ കോവിഡ്​ബാധയെ ചെറുത്ത്​ തോല്‍പിക്കുന്നതിന്​ ഏറെ സഹായകമാകുമെന്ന്​ ​ ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍​. കോവിഡ്​ മൂന്നാം തരംഗം ഇന്ത്യയില്‍ കുഞ്ഞുങ്ങളെയാണ്​ ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത് സൗമ്യയുടെ പ്രസ്​താവന​.

‘ഇന്ത്യന്‍ നിര്‍മിത നേസല്‍ വാക്സിനുകള്‍ കുട്ടികള്‍ക്കുള്ള കോവിഡ്​ പ്രതിരോധ മാര്‍ഗങ്ങളിലെ ചാലക ശക്​തിയാകും. ഇത്​ മൂക്കിലൂടെ ഇറ്റിച്ച്‌​ നല്‍കാന്‍ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും’ -ശിശുരോഗ വിദഗ്​ദ കൂടിയായ ഡോ. സൗമ്യ സി.എന്‍.എന്‍ ന്യൂസ്​ 18നോട്​ പറഞ്ഞു.

കൂടുതല്‍ മുതിര്‍ന്നവര്‍ക്ക്​, പ്രത്യേകിച്ച്‌ അധ്യാപകര്‍ക്ക് വാക്​സിന്‍ നല്‍കേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്ബോള്‍ മാത്രമേ സ്​കൂളുകള്‍ വീണ്ടും തുറക്കാന്‍ പാടുള്ളൂ എന്നും അവര്‍ പറഞ്ഞു. ‘ആത്യന്തികമായി ഞങ്ങള്‍ കുട്ടികള്‍ക്ക് വാക്​സിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വര്‍ഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്ബോള്‍ സ്കൂളുകള്‍ തുറക്കണം. മറ്റ് മുന്‍കരുതലുകള്‍ക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകര്‍ക്ക് വാക്സിനേഷന്‍ ചെയ്​താല്‍ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും’ -ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ കോവിഡ്​ബാധയില്‍ നിന്ന് മുക്തരല്ലെന്നും എന്നാല്‍ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍, ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല’-നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.

നേസല്‍ വാക്​സിന്‍ എന്ത്​?

ഉപയോഗിക്കാന്‍ എളുപ്പമെന്ന നിലയില്‍ ജനപ്രിയമാണ്​ മൂക്കിലൂടെ നല്‍കുന്ന വാക്​സിനുകള്‍. ഒരു നാസല്‍ വാക്സിന്‍ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിള്‍-ഡോസ് മരുന്നാണെന്നതും പുതിയ വേരിയന്‍റിന്​ അനുകൂല ഘടകമാണ്​. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ്​ വാക്​സിന്‍റെ പരീക്ഷണങ്ങള്‍ക്ക്​ അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്​ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ്​ (ഡിസിജിഐ) അപേക്ഷ നല്‍കിയിരുന്നു.​

ഭാരത് ബയോടെകി​െന്‍റ​ കോവാക്​സിന്‍, ആസ്ട്രസെനിക്കയുടെ കോവിഷീല്‍ഡ് എന്നിവയ്ക്ക് മസിലുകളില്‍ രണ്ട്​ കുത്തിവയ്​പ്പുകള്‍ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന്​ ആവശ്യക്കാര്‍ വര്‍ധിക്കാന്‍ ഇടയാക്കും. സാധാരണ വാക്​സിന്‍ വിതരണത്തില്‍ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് നേസല്‍ വാക്​സിന്‍ നല്‍കുക. അതിനാല്‍ ശരീരത്തില്‍ അതിവേഗം പ്രവര്‍ത്തിച്ചു തുടങ്ങുന്ന നേസല്‍ വാക്​സിന്‍ സാധാരണ വാക്സിനെക്കാള്‍ ഫലപ്രദമാണെന്നാണ്​ വിദഗ്​ധ അഭിപ്രായം. ശരീരത്തിലെത്തി വളരെ വേഗത്തില്‍ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ നേസല്‍ വാക്​സിന്‍ സഹായിക്കുന്നു. കോറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച്‌ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസല്‍ വാക്​സിന്‍ പ്രവര്‍ത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നല്‍കേണ്ടത്.