ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കില്ലെന്ന് ബിജെപി. അതിന് പകരം രാജ്യവ്യാപകമായി വിവിധ ക്ഷേമ പദ്ധതികള്‍ നടത്താനാണ് തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 30 നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ഏഴാം വാര്‍ഷികം.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ഏഴാം വാര്‍ഷികത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടത്താനാണ് തീരുമാനം. കൊറോണ കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുക. ആഘോഷപരിപാടികള്‍ ഒന്നും തന്നെ അരങ്ങേറില്ലെന്നും നദ്ദ വ്യക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ടേമിലെ അഞ്ച് വര്‍ഷവും രണ്ടാം ടേമിലെ രണ്ട് വര്‍ഷവും കൂടി കണക്കാക്കിയാല്‍ മെയ് 30 ന് ബിജെപി അധികാത്തിലേറി ഏഴ് വര്‍ഷം പൂര്‍ത്തിയാകും. രാജ്യത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുകയും സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.