പ്രായം വെറും ഒരു നമ്പര്‍ മാത്രമാണ്. ഇത് തെളിയിച്ചു കൊണ്ട് തന്റെ 45ാം വയസ്സിലും മിന്നും പ്രകടനം കാഴ്ചവെച്ച്‌ കൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടറായ ഡാരന്‍ സ്റ്റീവന്‍സ്. തന്റെ ഇത്രയും കാലത്തെ കരിയറില്‍ നേരിട്ട വെല്ലുവിളികള്‍ എല്ലാം മറികടന്ന് പുതിയൊരു നേട്ടം കുറിച്ചിരിക്കുകയാണ് 45 വയസ്സുകാരനായ താരം. വെള്ളിയാഴ്ച്ച നടന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് മത്സരത്തില്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ലോകം സാക്ഷിയായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഏകപക്ഷീയ കൂട്ടുകെട്ടാണ് കെന്റും ഗ്ലാമോര്‍ഗനും തമ്മിലുള്ള കളിയില്‍ പിറന്നത്. ഇതിന് കാരണമായത് കെന്റ് താരമായ ഡാരന്‍ സ്റ്റീവന്‍സിന്റെ ബാറ്റിങ് പ്രകടനമായിരുന്നു. ഗ്ലാമോര്‍ഗിനെതിരായ മത്സരത്തില്‍ കെന്റിന്റെ പേരിലേക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകപക്ഷീയമായ കൂട്ടുകെട്ട് പിറന്നത്. 166 റണ്‍സാണ് സ്റ്റീവന്‍സും അവസാന ബാറ്റ്സ്മാനായ മിഗ്വെല്‍ കമ്മിന്‍സും ചേര്‍ന്ന് ഒമ്ബതാം വിക്കറ്റില്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതില്‍ അമ്പരപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ 166 റണ്‍സില്‍ 160ഉം സ്റ്റീവന്‍സിന്റെ വകയായിരുന്നു. വെറും ഒരു റണ്‍ മാത്രമായിരുന്നു കമ്മിന്‍സിന്റെ സംഭാവന. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു കൂട്ടുകെട്ടില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഒരേ ബാറ്റ്‌സ്മാന്‍ തന്നെ സ്‌കോര്‍ ചെയ്യുന്നത് ആദ്യത്തെ സംഭവം ആയിരുന്നു. ഈ റെക്കോര്‍ഡ് ആണ് സ്റ്റീവന്‍സ് പേരിലാക്കിയത്.