ന്യൂജഴ്സി ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിനായി, ന്യൂജഴ്സിയിലെ ഓൾഡ് ടാപ്പൻ ടൗണ്‍ഷിപ്പിൽ സ്വന്തമായി വാങ്ങി പുതുക്കി പണിത ആസ്ഥാന മന്ദിരത്തിന്റെ കൂദാശ കർമ്മം മേയ് 22ന് (ശനിയാഴ്ച) ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാൻ മാർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ നിർവഹിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇടവക മെത്രാരൊലീത്താ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപൊലീത്തായുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ഭദ്രാസന കൗൺസിൽ അംഗങ്ങൾ മറ്റു കോർ കമ്മിറ്റികൾ, സമീപ ദേവാലയങ്ങളിലെ വൈദികർ, പ്രവർത്തകർ എന്നിവരടങ്ങുന്ന സ്വീകരണ കമ്മിറ്റി പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ വരവേൽപ് സംബന്ധിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ചും കൂദാശ ചടങ്ങ് വൻ വിജയമാക്കി തീർക്കുന്നതിനുള്ള ക്രമീകരണങ്ങളെ സംബന്ധിച്ചും വിലയിരുത്തി.
22–ാം തിയതി രാവിലെ 10 മണിക്ക് ഭദ്രാസനാസ്ഥാനത്ത് എത്തിച്ചേരുന്ന പരിശുദ്ധ ബാവാക്കായി ഒരുക്കിയിരിക്കുന്ന വൻ വരവേൽപ്പിലും തുടർന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിലും പൊതുസമ്മേളനത്തിലും ഭദ്രാസന മെത്രാപൊലീത്താക്ക് പുറമേ, വിവിധ സഭാമേലധ്യക്ഷൻമാരായ അഭിവന്ദ്യ അയുബ് മാർ സിൽവാനോസ് മെത്രാപോലീത്താ (ക്നാനായ സിറിയൻ ഓർത്തഡോക്സ് ചർച്ച്), അഭിവന്ദ്യ ദിവന്യാസ്യോസ് ജോൺ കാവാക്ക് മെത്രാപോലീത്താ (ആർച്ച ബിഷപ്പ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഫോർ ദി ഈസ്റ്റേണ്‍ യുഎസ്), റൈറ്റ് റവ: ഡോ.ഐസക് മാർ പീലക്സിനോസ് (മാർത്തോമാ സിറിയൻ ചർച്ച്, ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക & യൂറോപ്പ്) എന്നീ മെത്രാപോലീത്താമാരും വന്ദ്യ വൈദികരും ഓൾഡ് ടാപ്പൻ ടൗൺഷിപ്പ് മേയർ ജോൺ ക്രേമർ, ന്യൂജഴ്സി മോങ്ങ്വേയൽ ടൗൺഷിപ്പ് മേയർ മൈക്ക് ഗസാലി തുടങ്ങിയ പ്രമുഖ വ്യക്തികളും, ഒട്ടനവധി വിശ്വാസികളും പങ്കുചേരും.
തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ഈ ചടങ്ങിൽ നേരിട്ടോ, പരിമിതമായ ഇന്നത്തെ സാഹചര്യത്തിൽ, moran tv വഴിയായി ക്രമീകരിച്ചിരിക്കുന്ന തൽസമയ സംപ്രേഷണത്തിലൂടെയോ പങ്കുചേർന്ന് ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാനായി വിശ്വാസികളേവരും പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ്.
കേരള ശൈലിയിലുള്ള താലപൊലികളാലും ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടും, കത്തിച്ച മെഴുകുതിരികളുമേന്തി, വൈദികരോടൊപ്പം, വിശ്വാസികൾ പരിശുദ്ധ പിതാവിനെ വരവേൽക്കും. അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു സുദിനമായി തീരുന്ന ഈ ചടങ്ങ് വൻ വിജയമാക്കി തീർക്കുന്നതിനായി സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോൾ തോട്ടക്കാട്ട് അറിയിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.



