തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മെയിന്‍ റോഡുകളും ഇടറോഡുകളും പൊലീസ് അടച്ചതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി ജനങ്ങള്‍ . പലയിടത്തും മെഡിക്കല്‍ ആംബുലന്‍സുകള്‍ പോലും കടത്തിവിടാത്ത സ്ഥിതിയുണ്ടായി. കഴക്കൂട്ടത്ത് രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലന്‍സും റോഡ് അടച്ചതു കാരണം വഴിയില്‍ കുടുങ്ങി.. മെയിന്‍ റോഡ് അടച്ചത് കാരണം മറ്റ് വഴികള്‍ തിരഞ്ഞെങ്കിലും അവയും അടച്ചിരുന്നു.. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതിന് പിന്നാലെ ആംബുലന്‍സുകള്‍ കടന്നുപോകുന്നതിന് പൊലീസ് നടപടിയെടുത്തു.. പൂര്‍ണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കല്‍ എമര്‍ജന്‍സി ആംബുലന്‍സുകള്‍ കടന്നുപോകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി എന്‍ട്രി എക്സിറ്റ് പോയിന്റുകള്‍ 7 ആയി പുന ക്രമീകരിച്ചിട്ടുണ്ട്.കഴക്കൂട്ടം സ്റ്റേഷന് പരിധിയിലെ ചേങ്കോട്ടുകോണം,വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂര്‍,പേരൂര്‍ക്കട വഴയില,പൂജപ്പുരകുണ്ടമണ്കടവ്, നേമംപള്ളിച്ചല്,വിഴിഞ്ഞം സ്റ്റേഷന് പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം നഗരത്തിലേക്കുള്ള എന്‍ട്രിഎക്സിറ്റ് പോയിന്റുകള്‍. പൂര്‍ണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കല്‍ എമര്‍ജന്‍സി ആംബുലന്‍സുകള്‍ മാത്രം കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു..



