ന്യൂഡല്‍ഹി: ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയില്‍ നിന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷനേടാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്ര​ഗ്യാ സിങ് താക്കൂര്‍. ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാലാണ് ​തനിക്ക് കോവിഡ് വരാത്തതെന്നും പ്ര​ഗ്യ പറഞ്ഞു.

‘​ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലവും വാ​ഗ്ദാനം ചെയ്ത് ചിലര്‍ രം​ഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അവര്‍ക്ക് മാപ്പില്ല. എന്നാല്‍ ശിക്ഷ നല്‍കുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാന്‍ ജനങ്ങളെ സഹായിക്കുകയാണ്’ -പ്ര​ഗ്യാസിങ് പറഞ്ഞു.

ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് പ്ര​ഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

കോവിഡിനെതിരായ​ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.