ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വരവോടെ സജീവമായിരിക്കുകയാണ് സില്‍വെര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി. തിരുവനന്തപുരവും കാസര്‍ഗോഡും തമ്മിലുള്ള യാത്രാ ദൂരം നാലു മണിക്കൂറാക്കി കുറച്ചു കൊണ്ട് കേരളത്തെ അതിവേഗം ബന്ധിപ്പിക്കുന്ന ഈ പദ്ധതി വലിയ സാമ്ബത്തിക മാറ്റങ്ങള്‍ കേരളത്തിന് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനൊപ്പം ഹഡ്‌കോ 3000 കോടി രൂപയുടെ വായ്പക്കും അംഗീകാരം നല്‍കിയത് പദ്ധതിയുടെ നടത്തിപ്പ് ഏറെക്കുറെ ഉടന്‍ തുടങ്ങാന്‍ കഴിയുമെന്നതിലേക്കുള്ള ശുഭ സൂചനയാണ്.
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവഗ റെയില്‍ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് മൂവായിരം കോടി രൂപയുടെ വായ്പയാണ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹഡ്‌കോ) അനുവദിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ പാതയില്‍ തിരുവനന്തപുരം കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായാണ് തുക എട്ടുശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ഹഡ്‌കോ അനുവദിച്ചത്. സംസ്ഥാനത്തെ റെയില്‍വെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്(കെ-റെയില്‍) ആണ് ‘സില്‍വര്‍ലൈന്‍’ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയിലെ കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗത്ത് 320 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണ് പ്രതീക്ഷിത ചെലവ്. കെ-റയിലിന്റെ അപേക്ഷ പരിഗണിച്ച്‌ അനുവദിച്ച വായ്പാത്തുകയുടെ മുതലും പലിശയും വാര്‍ഷികഗഡുക്കളായി അടയ്ക്കാന്‍ സംസ്ഥാനസര്‍ക്കാറിന്റെ ഗ്യാരന്റി വേണമെന്നും സംസ്ഥാനബജറ്റില്‍ അതിനുള്ള നീക്കിയിരിപ്പുണ്ടാവണമെന്നും ഹഡ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വെ മന്ത്രാലയത്തിന്റെ അംഗീകാരപത്രം, സ്ഥലമേറ്റെടുപ്പിനുള്ള സര്‍ക്കാര്‍ തീരുമാനം എന്നിവ സമര്‍പ്പിച്ച്‌ നാലുമാസത്തിനകം വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സമയപരിധി നീട്ടണമെങ്കില്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും ഹഡ്‌കോയുടെ നിര്‍ദേശമുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപയ്ക്കായി ഹഡ്‌കോയ്ക്ക് പുറമെ കിഫ്ബി, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍ തുടങ്ങിയവയുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചു വരികയാണ്.