ദുബായ് എമിറേറ്റിലെ 55 ശതമാനം താമസക്കാരെയും മെട്രോ സ്റ്റേഷനുകളുടെ 800 മീറ്റര്‍ പരിധിക്കുള്ളിലേക്കു കൊണ്ട് വരുന്ന നഗരാസൂത്രണ പദ്ധതിക്ക് തുടക്കമായി. ദുബായ് അര്‍ബന്‍ പ്ലാന്‍ 2040 എന്ന പദ്ധതിയിലൂടെയാണ് എമിറേറ്റിന്‍റെ മുഖച്ഛായ മാറ്റുന്ന പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.

പൊതുഗതാഗത സംവിധാനങ്ങളെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയുള്ള സുഗമമായ ഗതാഗതം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യപ്പെടുന്നതെന്നു ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി വക്താവ് വ്യക്തമാക്കി . ട്രാന്‍സിറ്റ് ഓറിയന്‍റഡ് ഡെവലപ്പ്മെന്റ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ നഗരാസൂത്രണത്തിലൂടെ എമിറേറ്റിലെ പകുതി ജനസംഖ്യ മെട്രോയുടെ അടുത്ത പരിസരങ്ങളിലേക്കു താമസം മാറ്റുന്ന രീതിയാകും നടപ്പിലാക്കുക. പൊതു സ്വകാര്യ മേഖലകളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാമ്ബത്തിക ഉത്തേജക പാക്കേജ് നല്‍കി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കോവിഡിന് മുന്‍പുള്ള പൊതുഗതാഗത യാത്രക്കാരുടെ എണ്ണം തിരിച്ചു കൊണ്ട് വരുന്നതില്‍ ലോകത്തു ഏറ്റവും വേഗതയില്‍ പുരോഗമിച്ച നഗരമാണ് ദുബായ് എന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മറ്റാര് മുഹമ്മദ് അല്‍ തയ്യബ് അറിയിച്ചു.