ലക്‌നൗ : ഉത്തർപ്രദേശിലെ ചിത്രകൂട് ജയിലിൽ വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് മുകിം കാല, എംഎൽഎ മുക്താർ അൻസാരിയുടെ സഹായി മെരാജുദ്ദീൻ, അൻഷു ദിക്ഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്.

ജയിലിലെ അന്തേവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്തേവാസികളിലൊരാളായ അൻഷു ദിക്ഷിത് മെരാജുദ്ദീനെയും മുകിം കാലയെയും വെടിവെക്കുകയായിരുന്നു. തുടർന്ന് ജയിൽ തടവുകാർ തമ്മിലുണ്ടായ തർക്കം കൂടിയതോടെ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു.

എന്നാൽ അൻഷു സർവ്വീസ് തോക്ക് കൈക്കലാക്കി രണ്ട് പേരെ വെടിവെയ്ക്കുകയായിരുന്നു. അഞ്ച് പേരെ തടവുകാരാക്കിയ അൻഷു ഇവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റും ചിത്രകൂട് എസ്പിയും സ്ഥലത്തെത്തി അൻഷുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും അൻഷുവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അൻഷു കൊല്ലപ്പെട്ടത്.