ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ പുതിയ 70,020 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 311 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒക്‌ടോബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 5,21,808 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,20,39,644 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6,05,30,435 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തു.

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഹോളിയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, 24 മണിക്കൂറിനിടെ 40,414 കേസുകളാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 108 മരണവും സ്ഥിരീകരിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കിയിരുന്നു.