ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന് എതിരെ ശക്തമായ ആക്രമണവുമായി മഞ്ചേശ്വരത്തെ ബി ജെ പി സ്ഥാനാര്‍ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നിടത്തോളം കാലം ശബരിമല സുരക്ഷിതമല്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും ശബരിമല വിഷയത്തില്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കുകയാണ്.
ശബരിമല വിഷയത്തില്‍ കടകംപള്ളി മാപ്പു പറയാന്‍ ശ്രമിച്ചപ്പോള്‍ യെച്ചൂരിയും പിണറായിയും തടഞ്ഞെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല അന്തകനായി പിണറായി വീണ്ടും മാറിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വീണ്ടും പ്രക്ഷോഭ കേന്ദ്രമായി മാറുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേടിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരീക്ഷിച്ച് വിജയിച്ച തന്ത്രം വീണ്ടും ഉദ്യോഗസ്ഥ തലത്തില്‍ പയറ്റുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അതി ഭീകരമായ പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി കൂടുതലായി പുറത്തു വരുന്നു. രാജ്യദ്രോഹ ശക്തികളുമായി സന്ധി ചെയ്താണ് പിണറായി മുന്നോട്ട് പോയത്. സ്പീക്കര്‍ നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആസൂത്രിതമായ അഴിമതി മറച്ചുവെക്കാന്‍ അവിവേകമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. വിനാശകരമായ നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നില കൊള്ളുന്നത്.
സുരേഷ് ഗോപിയുടേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലീഗും – സി പി എമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ന്യൂസ് 18 കേരളത്തിന്റെ ‘ഗ്രൗണ്ട് റിയാലിറ്റി’ എന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ‘നോട്ട’യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തലശേരിയില്‍ ആര് ജയിക്കണം എന്ന ചോദ്യത്തിന് അവിടെ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ഥികളെന്ന് അവതാരകരോട് ചോദിച്ചു. എഎന്‍ ഷംസീറാണ് എതിര്‍ സ്ഥാനാര്‍ഥിയെന്ന ഉത്തരം കേട്ടപ്പോള്‍ ‘ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.



