കളിപ്പാവകള്‍ സമ്മാനിച്ച്‌ കരുന്നു ഹൃദയങ്ങള്‍ കീഴടക്കിയ എറണാകുളം സെന്റ് തെരേസാസ് കോളേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. പ്രതിമാസ പ്രഭാഷണ പരിപാടിയായ മന്‍കീ ബാത്തിലാണ് കോളേജിന്റെ കളിപ്പാട്ടം പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചത്. പഴകിയ തുണി ശേഖരിച്ച്‌ ജില്ലയിലെ അങ്കണവാടികള്‍ക്ക് കളിപ്പാവകള്‍ നിര്‍മ്മിച്ചു കൊടുക്കുന്ന ഈ പദ്ധതി, പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ കോളേജ് 2015ല്‍ തുടങ്ങിയ ‘യുദ്ധ’ത്തിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥിനികളുടെ സഹകരണത്തോടെ തുണിബാഗുകള്‍ വിപണിയിലെത്തിച്ചും സെന്റ് തെരേസാസ് ശ്രദ്ധ നേടിയിരുന്നു.

പഠനം മുതല്‍ പാവ വരെ

2014ല്‍ ലോകബാങ്കും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്ത് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. നാല് പഞ്ചായത്തുകളില്‍ ഒരാഴ്ച നീണ്ട പഠനം ഏവരെയും ഞെട്ടിച്ചു. വികസിതരാജ്യങ്ങള്‍ക്കു സമാനമായ അളവില്‍ പ്ലാസ്റ്റിക് മാലിന്യം ഗ്രാമങ്ങളില്‍ കണ്ടെത്തിയതായിരുന്നു കാരണം. ഇതിന്റെ ആഘാതം തിരിച്ചറിഞ്ഞ കോളേജ് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

2015ല്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ തുണിബാഗുകള്‍ പഞ്ചായത്തു വഴി വിതരണം ചെയ്യാന്‍ തുടങ്ങി. കുടുംബശ്രീ യൂണിറ്റുകള്‍ക്കും നിര്‍മ്മാണരീതി പകര്‍ന്നു നല്‍കി. പെന്‍സില്‍ ബോക്സും മറ്റും വിപണയിലെത്തിച്ചു. ബാഗും പെന്‍സില്‍ ബോക്സും നിര്‍മ്മിക്കുമ്ബോള്‍ ശേഷിക്കുന്ന തുണി എന്തുചെയ്യുമെന്ന ചിന്തയാണ് അങ്കണവാടി കുട്ടികള്‍ക്ക് കളിപ്പാട്ടം നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിക്ക് പ്രേരണയായത്. സംഖ്യകള്‍, രൂപങ്ങള്‍, പക്ഷിമൃഗ രൂപങ്ങള്‍, പാവകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.

കളിപ്പാട്ടമാകും വെട്ടുപീസ്

തയ്യല്‍ക്കടകളില്‍ മിച്ചം വരുന്ന വെട്ടുതുണികള്‍ ശേഖരിച്ച്‌ കളിപ്പാട്ടം നിര്‍മ്മിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ വഴി എല്ലാ അങ്കണവാടികളിലും എത്തിക്കും. ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് പാവകളുടെയും മറ്റും മാതൃക തയ്യാറാക്കുന്നത്. കൊമേഴ്സ്, ഫ്രഞ്ച്, ഇക്കണോമിക്സ് വകുപ്പുകളിലെ നൂറിലധികം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് പദ്ധതിയിലെ പങ്കാളികള്‍. കൊച്ചി സ്വദേശിനിയായ തസ്നീമിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ യൂണിറ്റ് കോളേജിന് എല്ലാ പിന്തുണയും നല്‍കുന്നു. സെന്റ് തെരേസാസ് കോളേജില്‍ വന്നിട്ടുണ്ടെന്നും ഇവിടത്തെ കുട്ടികള്‍ പ്രതിഭാശേഷിയുള്ളവരാണെന്നും മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വെട്ടുതുണികള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് പാവകള്‍ നിര്‍മ്മിക്കുന്നത്. എല്ലാ അങ്കണവാടികളിലും കളിപ്പാട്ടങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.