>കൊച്ചി ∙ കത്തിക്കാളുന്ന വേനലിലും കോവിഡ് കാലത്തുമായി ഒരു തിരഞ്ഞെടുപ്പു പ്രചാരണ കാലം കടന്നുപോകുന്നു. ഒരാഴ്ചക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പായി. പരസ്യ പ്രചാരണത്തിന് ഇനി ശേഷിക്കുന്നത് 7 ദിവസം. അടുത്ത ചൊവ്വാഴ്ച, ഏപ്രിൽ ആറിന് വോട്ടെടുപ്പ്. ഞായറാഴ്ച വൈകിട്ടുവരെ മാത്രം പരസ്യ പ്രചാരണം.
കഠിന പോരാട്ടം
പ്രചാരണം തുടങ്ങിയ നാളുകളിൽ നിന്നു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്കു ജില്ലയിലെ 14 മണ്ഡലങ്ങളും മാറിയിരിക്കുന്നു. ഏകപക്ഷീയ വിജയം ഒരിടത്തും അവകാശപ്പെടാനില്ലെന്നു മാത്രമല്ല, ചില സീറ്റുകൾ ഫോട്ടോഫിനിഷിലേക്കാണ്. സ്ഥിര പരിചിതരും പുതുമുഖങ്ങളുമെല്ലാം മണ്ഡലത്തിൽ ഒരുപോലെ പരിചിതരായി. മുന്നണികളിലെയും പാർട്ടികളിലെയും അസ്വാരസ്യങ്ങളും കല്ലുകടിയുമെല്ലാം മാറി.
എല്ലാവരും സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിനായി എണ്ണയിട്ട യന്ത്രം കണക്കേ പ്രവർത്തിക്കുന്നു. രണ്ടും മൂന്നും സെറ്റ് അഭ്യർഥനകൾ സ്ഥാനാർഥികളുടെതായി വീടുകളിലെത്തിച്ചു. മുന്നണി സ്വതന്ത്ര സ്ഥാനാർഥികൾ ചിഹ്നം പരിചയപ്പെടുത്താൻ പ്രത്യേക സ്ക്വഡുകളിറക്കി. മുന്നണികളിൽ തൃക്കാക്കര, എറണാകുളം, ആലുവ ഇടതു സ്ഥാനാർഥികൾക്കും യുഡിഎഫിൽ കോതമംഗലത്തെ സ്ഥാനാർഥിക്കും മാത്രമേ ചിഹ്നത്തിനു കാക്കേണ്ടി വന്നുള്ളു.
വിഷയം
സംസ്ഥാനതലത്തിലാകെ അലയടിക്കുന്ന വിഷയങ്ങൾ തന്നെയാണു പ്രചാരണത്തിൽ ജില്ലയിലും മേൽക്കൈ നേടിയത്. യുഡിഎഫ്, സർക്കാരിന്റെ അഴിമതി പ്രചാരണ വിഷയമാക്കിയപ്പോൾ സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ വോട്ടു നേടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബിജെപി ഇരു മുന്നണികൾക്കെതിരെയും ആക്രമണത്തിന്റെ മുന കൂർപ്പിച്ചു. വേറിട്ടൊരു രാഷ്ട്രീയം പരിചയപ്പെടുത്തുകയാണു ട്വന്റി20.
അടവുകൾ പലത്
ആരോഗ്യകരമായ രീതിയിലാണ് ഇതുവരെയുള്ള പ്രചാരണം. അൽപമെങ്കിലും മാറ്റമുള്ളത് കളമശേരിയിൽ. പാലാരിവട്ടം പാലം അഴിമതി സൂചിപ്പിക്കാൻ ‘പഞ്ചവടിപ്പാലം ’ പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ മറുപടിയുമായി ‘ മാഫിയ ’ ഉൾപ്പെടെ ഒന്നിലേറെ പോസ്റ്ററുകൾ ഇറങ്ങി. സമൂഹ മാധ്യമങ്ങളിലുമുണ്ട് ഉൗരും പേരുമില്ലാത്ത പോസ്റ്ററുകൾ. ഇനിയുള്ള ദിവസങ്ങൾ അവസാന അടവും പുറത്തെടുക്കാനുള്ള ദിവസങ്ങളാണ്. അതിനാൽ പലതും പ്രതീക്ഷിക്കാം.
നേതൃനിര
യുഡിഎഫിനു വേണ്ടി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പലവട്ടം ജില്ലയിൽ പ്രചാരണം നടത്തി. അമിത് ഷായാണു ബിജെപി നിരയിലെ പ്രമുഖൻ. എൽഡിഎഫിനു താര പ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും വന്നു.
കോവിഡ് പ്രചാരണം
കോവിഡ് കാലത്തു നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പു പോലെയായിരുന്നില്ല നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം. നിയന്ത്രണങ്ങൾ കാറ്റിൽപറന്നു. വീടുകയറുന്ന സ്ക്വാഡിൽ എണ്ണം കൂടി. വരും ദിവസങ്ങളിൽ കോർണർ മീറ്റിങുകൾ സജീവമാകും. സ്ഥാനാർഥിയുടെ വാഹന പര്യടനം നേരത്തേ തുടങ്ങി. മണ്ഡലത്തിലെ പകുതി വീടുകളെങ്കിലും സ്ഥാനാർഥി നേരിട്ടു കയറുകയെന്നതാണു എൽഡിഎഫ് ലക്ഷ്യം. സ്ഥാനാർഥിയെ നേരത്തേ തീരുമാനിച്ചു കഴിഞ്ഞ സ്ഥലങ്ങളിൽ യുഡിഎഫും ഇതേ തന്ത്രം പയറ്റുന്നു. മതിലെഴുത്തിലും ബോർഡ് വയ്ക്കുന്നതിലും അത്ര ഉഷാർ ഇത്തവണ കാണാനില്ല. തിരഞ്ഞെടുപ്പു നിരീക്ഷകരുടെ പരിശോധന കർശനമാക്കിയതാവും കാരണം. മിക്കവാറും സ്ഥാനാർഥികൾ രണ്ടു സെറ്റ് പോസ്റ്ററിൽ ഒതുക്കി.
പട്ടിക പഠിക്കൽ
മെയ്യനങ്ങാതെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ ഇരിക്കുന്ന നേതാക്കൾക്കു വോട്ടർ പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്തുകയാണ് ഇപ്പോഴത്തെ ജോലി. പരിശോധിച്ചു വരുമ്പോഴാണ് ഇരട്ടവോട്ടുകളുടെ എണ്ണം ഞെട്ടിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത്, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടില്ലാതെ പോയ ഏതാണ്ട് എല്ലാവർക്കും തന്നെ ഇരട്ടവോട്ടുണ്ടെന്നു പാർട്ടി പ്രവർത്തകർ പറയുന്നു. വോട്ടില്ലെന്നു കണ്ട് പലരും ഓൺലൈൻ ആയും അല്ലാതെയും പേരു ചേർത്തു. കോവിഡ് കാലമായതിനാൽ പരിശോധന നടന്നില്ല. അപേക്ഷിച്ച എല്ലാവർക്കും കാർഡ് കൊടുത്തു. പാർലമെന്റ് തിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനും രണ്ട് വോട്ടർ പട്ടികയായിരുന്നു.
കാശ്
സാമ്പത്തിക പോരായ്മ മിക്ക സ്ഥാനാർഥികളെയും കാര്യമായി അലട്ടുന്നുണ്ട്. അപൂർവം സ്ഥാനാർഥികൾ പണം വാരി എറിയുന്നതും കാണാം. കോവിഡ് കാലത്തെ പൊതു ഞെരുക്കം തിരഞ്ഞെടുപ്പിനും കാണാനുണ്ട്. പിരിവ് ആണു തിരഞ്ഞെടുപ്പു ഫണ്ടിന്റെ അടിസ്ഥാനം. ഒരു ലക്ഷം രൂപയൊക്കെ സംഭാവന നൽകിയിരുന്ന ചില കച്ചവടക്കാർ ഇക്കുറി കാൽ ലക്ഷത്തിൽ ഒതുക്കി. എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തുടക്കത്തിൽത്തന്നെ നാട്ടുകാരിൽ നിന്നു പിരിക്കാറുണ്ടെങ്കിൽ ഇക്കുറി ചില കോൺഗ്രസ് സ്ഥാനാർഥികളും വോട്ടർമാരിൽ നിന്നു പണം പിരിക്കേണ്ടി വന്നു. കോൺഗ്രസിൽ ഇതു പതിവില്ലാത്തതാണ്. എന്നാൽ ബിജെപി ക്യാംപിനെ സാമ്പത്തിക പ്രയാസം കാര്യമായി ബാധിച്ചിട്ടില്ല.
മെംബറുടെ ബാധ്യത
തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച മെംബർ ഇൗ തിരഞ്ഞെടുപ്പിൽ അനുഭവിക്കുന്ന കഷ്ടപ്പാടു വലുതാണ്. തനിക്കു ലഭിച്ച അത്രയും വോട്ടെങ്കിലും നിയമസഭാ സ്ഥാനാർഥിക്ക് ആ വാർഡിൽ ലഭിച്ചില്ലെങ്കിൽ മെംബർക്കെതിരെ ആക്ഷേപം ഉയരും. കമ്യൂണിസ്റ്റു പാർട്ടികളിലാണെങ്കിൽ അതു ഗുരുതര ആക്ഷേപമാകും. അതിനാൽ മെംബർമാർക്ക് ഉൗണും ഉറക്കവുമില്ലാത്ത നാളുകളാണിത്.
രാഷ്ട്രീയ പരീക്ഷണങ്ങൾ
ട്വന്റി20 , വി4 പീപ്പിൾ തുടങ്ങിയ രാഷ്ട്രീയ പരീക്ഷണങ്ങൾ തിരഞ്ഞെടുപ്പിൽ എന്തു സ്വാധീനം ചെലുത്തുമെന്നു ഉറ്റുനോക്കുകയാണു ജില്ല. 4 പഞ്ചായത്തുകളിലെ അധികാരവുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ 8 സീറ്റിൽ മത്സരിക്കുന്ന ട്വന്റി20 കുന്നത്തുനാട് ഉൾപ്പെടെ ചില സീറ്റുകളിൽ നിർണായക സ്വാധീനം െചലുത്തും. എന്നാൽ മറ്റു മുന്നണികളെപ്പോലെ നാടിളക്കിയുള്ള പ്രചാരണത്തിലേക്കു വന്നിട്ടില്ല.
ഇ ലോകം
സമൂഹ മാധ്യമങ്ങൾ വഴിയുള്ള വാക് പയറ്റുകളും പോരാട്ടങ്ങളും പെരുവഴിയിലേതിനേക്കാൾ കൂടുതലാണ്. ആ മേഖല വഴി സ്വാധീനിക്കാൻ കഴിയുന്ന വലിയൊരു വിഭാഗം വോട്ടർമാർ ഉണ്ട് എന്നതുപോലെ തന്നെ ആ മേഖലയിൽ പ്രവർത്തിക്കാനും ഒട്ടേറെ പ്രവർത്തകർ ഓരോ പാർട്ടിക്കും ഉണ്ട്.



