മന്ത്രി എ.സി മൊയ്തീൻ വോട്ടു ചെയ്തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽ. വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാർട്ട് ടൈമിന്റെ പ്രിന്റൗട്ട് ജില്ലാ കളക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പനങ്ങാട്ടുകര എഎൻഡി സ്‌കൂളിലെ ഒന്നാം ബൂത്തിൽ ആദ്യ വോട്ടറായി ഡിസംബർ 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണ് മന്ത്രി വോട്ട് ചെയ്തത്.

ഇത് സംബന്ധിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരിയായ വടക്കാഞ്ചേരി സബ് രജിസ്ട്രാർ പിഎം അക്ബർ തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസിന് റിപ്പോർട്ട് നൽകുകയായിരുന്നു. മന്ത്രി 6.55ന് വോട്ട് രേഖപ്പെടുത്തിയെന്നാരോപിച്ച് അനിൽ അക്കര എംഎൽഎ ഉൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വം രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു.