അടിമാലി: വൈദ്യുതി മന്ത്രി എംഎം മണിയുടെ വാഹനത്തിലിടിച്ച ശേഷം നിർത്താതെ പോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഇടുക്കിയിൽ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായും ആക്ഷേപം ഉണ്ട്. ഞയറാഴ്ച വൈകിട്ട് ശല്യാപാറയിലായിരുന്നു സംഭവം.

മൂന്നാറിൽ നിന്ന് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന മൂന്നാർ സ്‌റ്റേഷനിലെ എഎസ്‌ഐയുടെ വാഹനമാണ് മന്ത്രിയുടെ കാറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ വണ്ടി നിർത്താതെ പോകുകയാണ് ഉണ്ടായത്. ഓഫീസറുടെ കാർ ഇതിന് തൊട്ടുമുൻപ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. 200 മീറ്റർ വ്യത്യാസത്തിലാണ് രണ്ട് അപകടങ്ങളും നടന്നത്.

രണ്ട് ദിവസം കഴിഞ്ഞ് ഓട്ടോറിക്ഷ ശരിയാക്കിത്തരാം എന്നു പറഞ്ഞ് മടങ്ങുന്ന വഴിക്കാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചത്. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകട ദിവസം രാത്രി ഉദ്യോഗസ്ഥനെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കാൻ പോലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.