പി. പി. ചെറിയാന്‍
ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ വീണ്ടും കോവിഡ് 19 കേസുകൾ വർധിക്കുന്നതായി കൗണ്ടി ജഡ്ജി ക്ലേ ജെൻകിൻസിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മാത്രം 2111 പുതിയ കേസുകളും എട്ട് മരണവും റിപ്പോർട്ട് ചെയ്തുവെന്ന് ജഡ്ജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. മരിച്ച എട്ടു പേരെയും കോവിഡ് ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ ആഴ്ചയിൽ മാത്രം കോവിഡ് ബാധിച്ച് 91 മരണങ്ങളാണ് ഉണ്ടായത്. അൻപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.
മാർച്ചിനുശേഷം ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ 142972 പുതിയ കോവിഡ് പോസറ്റീവ് കേസുകളും 15364 ആന്റിജൻ പരിശോധനകളും നടത്തിയിട്ടുണ്ട്. ഡിസംബർ 12 വരെ കൗണ്ടിയിൽ 127768 പേർ കോവിഡ് മുക്തി നേടിയെന്നും ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് അധികൃതർ അറിയിച്ചു. ഡാലസിലെ ആകെ കോവിഡ് മരണം 1323 ആയി.

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 4520 സ്കൂള്‍ കുട്ടികളിലും 681 സ്റ്റാഫംഗങ്ങളിലും 534 പേർ അത്‍ലറ്റുകൾ ഉൾപ്പെടെയുള്ള മറ്റുള്ളവരിലുമാണ് പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തിയതാണ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.