കോഴിക്കോട്: സ്വപ്നയ്ക്ക് വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജയില്‍ ഡി.ഐ.ജി മനപൂര്‍വ്വം കള്ളം പറയുകയാണെന്നും സ്വപ്നയെ ജയില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം ആരോപിച്ചു. ജയില്‍ ഡിഐജിയുടെ നീക്കം സംശയാസ്പദമാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുകയാണ്. ജയിലില്‍ പോലും ഗുരുതരമായ ചട്ടലംഘനമാണ് നടക്കുന്നത്. ജയില്‍ അധികൃതര്‍ സ്വപ്നയെ കണ്ട് മൊഴിയെടുത്തത് എന്തിനാണ്? മുന്‍വിധിയോടെയാണ് ജയില്‍ ഡി.ഐ.ജി പെരുമാറുന്നത്. ജയിലിനകത്ത് എന്താണ് നടക്കുന്നതെന്ന് ജയില്‍ ഡി.ജി.പി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ അഭിഭാഷകന്‍ പറയുന്നത് അവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ്. പിന്നെന്തിനാണ് വധഭീഷണിയില്‍ കഴമ്ബില്ലെന്ന് അധികൃതര്‍ കള്ളം പറയുന്നത്.

സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് എന്തുകൊണ്ട് ജയില്‍ വകുപ്പ് അന്വേഷിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തില്‍ എന്‍.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കും. രണ്ട് മുന്നണികള്‍ക്കുമെതിരെ ശക്തമായ ജനവികാരമാണുള്ളത്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും പരുങ്ങലിലാണ്.

ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതനെതിരെ ആരോപണം ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാത്തതെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ ചോദിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയ വനവാസത്തിലാണ്. പ്രചരണത്തിന് നേരിട്ട് ഇറങ്ങാത്ത അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിച്ച്‌ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പരാതികള്‍ സ്വീകരിച്ച്‌ വാഗ്ദാനങ്ങള്‍ നല്‍കുകയുമാണ്. വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുന്നത് പെരുമാറ്റ ചട്ടലംഘനമാണ്.

യാദവ സമൂഹത്തെ അപമാനിച്ച രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഹരിപ്പാട് മണ്ഡലത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെന്നിത്തലക്ക് സത്യം മനസിലായി. വര്‍ഗീയ സംഘടനകളുമായി സഖ്യം ചേര്‍ന്ന യു.ഡി.എഫ് രണ്ട് ഘട്ടങ്ങളിലും തകര്‍ന്നടിഞ്ഞ് കഴിഞ്ഞു. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും എന്‍.ഡി.എ മികച്ച മുന്നേറ്റം നടത്തും. കണ്ണൂരില്‍ നിരവധി സീറ്റുകളില്‍ ജയിച്ച്‌ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു