തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന് മതിയായ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 19,736 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 63 ഡിവൈ.എസ്.പിമാര്‍, 316 ഇന്‍സ്‌പെക്ടര്‍മാര്‍, 1594 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 17,763 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 889 ഹോം ഗാര്‍ഡുമാരേയും 4574 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

ഏത് അത്യാവശ്യഘട്ടത്തിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമാസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 60 ഓളം പിക്കറ്റ്‌പോസ്റ്റുകള്‍ ഉണ്ടാകും. വിവിധ സ്ഥലങ്ങളിലായി സ്‌പെഷ്യല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 1437 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.