തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന 5 ജില്ലകളിൽ പോളിങ് 50 ശതമാനം കടന്നു. ഉച്ചയ്ക്ക് 1.30വരെ 12 മണി വരെ 50.52% പോളിങ്. പോളിങ് ആറര മണിക്കൂർ പിന്നിട്ടപ്പോൾ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. 52.95%. തിരുവനന്തപുരത്താണു താരതമ്യേന കുറവ്. 46.72%. കൊല്ലം 50.53%, പത്തനംതിട്ട 51.12%, ഇടുക്കി 51.79% എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ പോളിങ് ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ ഉച്ചയ്ക്ക് 1.30 വരെ 38. 87 ശതമാനവും കൊല്ലം കോർപറേഷനിൽ 41.51 ശതമാനവും സമ്മതിദായകർ വോട്ടു രേഖപ്പെടുത്താൻ എത്തി. 5 ജില്ലകളിലായി ആകെ 88.26 ലക്ഷം വോട്ടർമാരാണുള്ളത്.
വൈകിട്ട് 6 വരെയാണ് വോട്ടിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണു തിരഞ്ഞെടുപ്പ്; 24,584 സ്ഥാനാർഥികൾ. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും ഓരോ സ്ഥാനാർഥികൾ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി.
കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചു ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണു സംഭവം. അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തി. റിപ്പോർട്ടു ലഭിച്ചാലുടൻ നടപടിയെന്നു ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ വ്യക്തമാക്കി. ഉദ്യോഗസ്ഥയ്ക്കെതിരെ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു.