തിരുവനന്തപുരം പേട്ടയില്‍ മോക് പോളിംഗിനിടെ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. തകരാര്‍ കണ്ടെത്തിയ മെഷീനുകള്‍ മാറ്റി പുതിയ മെഷീനുകള്‍ എത്തിച്ച് പോളിംഗ് ആരംഭിച്ചു. ബൂത്ത് ഏജന്റുമാര്‍ പുതിയ വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. രാവിലെ ആറുമണിയോടെതന്നെ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിരുന്നു.
കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട് കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 88,26,620 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്് നടക്കുന്നത്. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.