വിദേശത്തുൾപ്പെടെ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പത്ത് കോടിയിലധികം തട്ടിയ കേസിൽ നിലമ്പൂർ സ്വദേശി സിബി വയലിനെ ഇ.ഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യുന്നു. കേസിൽ ഇത് ആറാം തവണയാണ് സിബിയെ ചോദ്യം ചെയ്യുന്നത്. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് വരെ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് മുൻകൂറായി ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.
സിബിയുടെ നേതൃത്വത്തിൽ നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ട്രസ്റ്റ് മുഖേനയാണ് തട്ടിപ്പ് നടന്നത്. പ്രവേശനം കിട്ടാതായതോടെ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. സിബിയുടെ നേതൃത്വത്തിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയാണ് ഇപ്പോൾ ഇ.ഡി അന്വേഷിക്കുന്നത്. സിബിയുമായി പണമിടപാടുണ്ടെന്ന് തെളിഞ്ഞ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനോടും കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിബി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇ.ഡിയുടെ തടസ ഹർജിയെത്തുടർന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.