കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിച്ച വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വെബ് റാലിയില്‍ സംസാരിച്ചത്. ‘ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇവരുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അപഹാസ്യമാകുന്ന തരത്തില്‍ ഇടപെടുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വന്‍ തോതില്‍ പണവും അന്വേഷണ ഏജന്‍സികളേയും ഉപയോഗിക്കുകയാണ് ‘ മുഖ്യമന്ത്രി പറഞ്ഞു.
‘ പണം കൊടുത്ത് ജനപ്രതിനിധികളെ വിലക്കെടുക്കുന്ന അപഹാസ്യ നിലപാട് രാജ്യത്ത് പലയിടത്തും ആവര്‍ത്തിക്കുകയാണ്. എന്നാല്‍, എംഎല്‍എമാരെ വിലയ്ക്കെടുത്ത് കേരളത്തിലെ ഭരണം അട്ടിമറിക്കാന്‍ കഴിയില്ല.. അങ്ങനെ ഒരു ജീര്‍ണ സംസ്കാരം കേരളത്തിലില്ല. അതുകൊണ്ടാണ് രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത്. അതിന് തപ്പു കൊട്ടി കോണ്‍ഗ്രസും ലീഗും കൂടെ നില്ക്കുന്നു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍ഡിഎഫില്ല. നെഞ്ചു വിരിച്ച് നിന്ന് ഇത് പറയാന്‍ എല്‍ഡിഎഫിന് കഴിയും. എന്നാല്‍ യുഡിഎഫിനോ ?, വടകര മോഡല്‍ മുന്നിലുണ്ട്. യുഡിഎഫും ബിജെപിയും പരസ്കരം സഹായിക്കുന്നു. വ്യാപകമായി പൊതു സ്വതന്ത്രര്‍ രംഗത്തുണ്ട്. ഇരു കൂട്ടരും ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് കിട്ടും. നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോണ്‍ഗ്രസിനും ലീഗിനും എതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാര്‍ട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് ഉണ്ട്. യുഡിഎഫ് നേതാക്കള്‍ ആരെങ്കിലും ബിജെപിയെ നേരിയ തോതില്‍ എങ്കിലും വിമര്‍ശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബിജെപിക്ക് എതിരെ നാക്കു ചലിക്കാത്തത് ? അത്ര വലിയ ആത്മ ബന്ധം ഇവര്‍ക്കിടയിലുണ്ട്. സാധാരണ സാഹചര്യമല്ലിത് ‘ മുഖ്യമന്ത്രി പറഞ്ഞു.



