തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കസ്റ്റംസ്. ഡോളര്‍ ഇടപാട്, സ്വര്‍ണക്കടത്ത്, ഈന്തപ്പഴം ഇറക്കുമതി തുടങ്ങിയ കേസുകളില്‍ പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.

ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കൂടുതല്‍ വിശദാംശങ്ങള്‍ തേടും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ, കസ്റ്റംസ് നിയോഗിക്കുന്ന പ്രത്യേക വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിച്ചേക്കും.നിലവില്‍ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന പ്രാഥമിക വിലയിരുത്തലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കുള്ളത്.