ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് ആശ്വാസം. സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ലൈഫ് മിഷൻ സിഇഒ യു. വി ജോസിനെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തു. കേസിൽ വിശദമായ വാദം കേൾക്കും.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി തയ്യാറായില്ല.
ലൈഫ് മിഷൻ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അധോലോക ഇടപാടാണ് പദ്ധതിയിൽ നടന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നത് നുണയാണ്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരും യൂണിടാക്കും ഹൈക്കോടതിയെ സമീപിച്ചത്.