കേരളത്തിന്റെ വികസനത്തിനു കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും അതിൽ രാഷ്ട്രീയം കൂട്ടികലർത്തേണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയമോ മറ്റെന്ത് കാരണങ്ങളാലോ കേരളത്തെ മാറ്റിനിർത്തില്ല. ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിലെ ചെലവു സംബന്ധിച്ച് വീണ്ടും ചർച്ച നടത്താമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കേരളത്തിലെ ദേശീയപാത വികസനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ദേശീയപാത വികസനത്തിനുള്ള ചെലവ് കൂടുതലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ ചെലവാണ് ഇതിനു പ്രധാന കാരണം. ഇക്കാര്യത്തിൽ വീണ്ടും ചർച്ച നടത്താമെന്ന് വ്യക്തമാക്കിയ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ചു. പി.പി.പി അടിസ്ഥാനത്തിൽ ബസ് പോർട്ടുകൾ നിർമ്മിക്കണം. ഭൂമി ഏറ്റെടുക്കുന്നതിൽ മുൻസർക്കാരിന്റെ കാലത്തേക്കാൾ ഈ സർക്കാർ വിജയമാണെന്നും കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗഡ്കരി അല്ലായിരുന്നുവെങ്കിൽ ദേശീയപാത വികസനം കേരളത്തിൽ നടപ്പാകുമായിരുന്നോയെന്ന് സംശയമുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിൽ കേരളം നൽകുന്ന തുക പിൻവലിക്കാൻ കേന്ദ്രം തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.