സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കളളക്കടത്ത് കേസ് എന്നതിനപുറത്തേയ്ക്ക് യുഎപിഎ ചുമത്താന്‍ പറ്റുന്ന തെളിവുകള്‍ എവിടെയെന്ന് കോടതി ആവര്‍ത്തിച്ചു ചോദിച്ചിരുന്നു.

അതേസമയം, എന്‍ഐഎയുടെ കേസ് ഡയറി ഇന്നലെ കോടതി പരിശോധിച്ചിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് കേന്ദ്ര സര്‍ക്കാരിനായി ഹാജരാകുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. നിലവിലുള്ള കേസിലെ അന്വഷണ പുരോഗതിയെ സംബന്ധിച്ച്‌ ഇഡിയും ഇന്ന് കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഏകദേശം ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കല്‍ എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. സന്ദീപിന്‍റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റായിരുന്നു മൊഴി രേഖപ്പെടുത്തിയത്.