ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് 19 സ്ഥിരീകരിച്ചു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ട്രംപിനും കോവിഡ് കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് കോവിഡ് സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കോവിഡിനെതിരേ മുന്‍കരുതലെടുക്കുന്നതില്‍ നിന്നും മാറി നിന്ന വ്യക്തിയാണ് ട്രംപ്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടന്ന ബുധനാഴ്ച രാത്രിയില്‍ പോലും അദ്ദേഹം കോവിഡ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. ട്രംപിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഫെഡറല്‍ ആരോഗ്യസംവിധാനങ്ങള്‍ അതീവ ജാഗ്രതയിലായിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ച നടത്തിയവരുള്‍പ്പെടെയുള്ള നേതാക്കളെയും കോവിഡ് പരിശോധനയ്ക്ക് അടിയന്തിരമായി വിധേയരാക്കിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ രാത്രി വൈകിയും പുറത്തു വന്നിട്ടില്ല.

കോവിഡ് ബാധിച്ച മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന്റെ കോവിഡ് ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇവര്‍ ട്രംപിന്റെ പ്രചാരണ ചുമതലകള്‍ വഹിച്ചിരുന്നതു കൊണ്ടു തന്നെ കൂടുതല്‍ റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍ ക്വാറന്റൈനിലാകേണ്ടി വരും. ട്രംപിന്റെ പ്രചാരണത്തെ ഇതൊക്കെയും ബാധിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍ലി മെയ്‌ലിങ് വോട്ടോടെുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ മൂന്നു ഡിബേറ്റുകളില്‍ ആദ്യത്തേതു മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ഇനി രണ്ടെണ്ണം കൂടി അവശേഷിക്കുന്നുണ്ട്. കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വിധിയും അനിശ്ചിതത്വത്തിലായിട്ടുണ്ട്.