>ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമായുടെ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ഓൺലൈൻ വോട്ടിങ്ങിലൂടെ നടന്നു. 72 ൽ പരം അംഗ സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ 2020-22 കാലയളവിലെ ഭാരവാഹികളായി ന്യൂജഴ്സിയിൽ നിന്നുള്ള അനിയൻ ജോർജ് പ്രസിഡന്റായും ഫ്ലോറിഡയിൽ നിന്നുള്ള ടി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയായും ന്യൂയോർക്കിൽ നിന്നുള്ള തോമസ് ടി. ഉമ്മൻ ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ തിരഞ്ഞെടുപ്പിൽ ഫോമ ഡെലിഗേറ്റുകളിൽ ഏതാണ്ട് എല്ലാ ഡെലിഗേറ്റുകളും (99.8 %) വോട്ടിങ്ങിൽ പങ്കെടുത്ത് ചരിത്രം കുറിച്ചു. 371 വോട്ട് നേടിയാണ് അനിയൻ ജോർജിന്റെ ജയം. 313 വോട്ട് നേടിയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉണ്ണികൃഷ്ണൻ ജയിച്ചത്. 280 വോട്ട് നേടിയാണ് തോമസ് ടി. ഉമ്മൻ ട്രഷറർ ആയി ജയിച്ചത്. വൈസ് പ്രസിഡന്റായി ന്യൂയോർക്കിൽ നിന്നുള്ള പ്രദീപ് കുമാറും ജോ. സെക്രട്ടറിയായി ഷിക്കാഗോയിൽ നിന്നുള്ള ജോസ് മണക്കാടും തിരഞ്ഞെടുക്കപ്പെട്ടു.



