രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. ആകെ മരണ സംഖ്യ 92,000ലുമെത്തി. 24 മണിക്കൂറിനിടെ 86,052 പോസിറ്റീവ് കേസുകളും 1141 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 81.74 ശതമാനമായി ഉയർന്നത് ആശ്വാസമായി. രാജ്യത്ത് റെക്കോർഡ് പ്രതിദിന സാമ്പിൾ പരിശോധനകൾ നടത്തി. പശ്ചിമബംഗാൾ ഗതാഗത വകുപ്പ് മന്ത്രി സുവേന്ദു അധികാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ആകെ പോസിറ്റീവ് കേസുകൾ 58,18,570വും മരണ സംഖ്യ 92,290മാണ്. രോഗത്തെ തുടർന്ന് 970,116 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 47,56,164ലെത്തി. 24 മണിക്കൂറിനിടെ 81,176 പേർ രോഗമുക്തരായി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്. 1.59 ശതമാനമാണ് നിലവിലെ മരണനിരക്ക്.
മഹാരാഷ്ട്ര, ആന്ധ്ര, കർണാടക തുടങ്ങി പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് 75 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ തീഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടമില്ലെന്ന് മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു. പുതിയ കേസുകൾ വർധിക്കുന്നത് പരിശോധനകളുടെ എണ്ണം കൂട്ടിയത് കൊണ്ടാണെന്നും വ്യക്തമാക്കി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 14,92,409 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു