സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎയുടെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ഏജൻസി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ഒപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. എൻഐഎയുടെ കസ്റ്റഡിയിലാണ് സ്വപ്‌ന ഇപ്പോൾ.

കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ ആവശ്യ പ്രകാരമാണ് കോടതി നടപടി. സ്വർണ കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചിരുന്നു. സ്വർണ കടത്ത് കേസിലെ പ്രതികൾ ബിനാമികൾ എന്ന വിലയിരുത്തലിൽ ആണ് ആദായ നികുതി വകുപ്പ്. പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകിയിരുന്നു.

കേസിൽ കോഫേപോസ ചുമത്തുന്നതിൽ ആശയക്കുഴപ്പമുണ്ട്. കോഫേപോസ ചുമത്തിയാലും സാങ്കേതികമായി നിലനിൽക്കില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. പ്രതികൾ പുറത്തു പോയി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് തടയാനാണ് കോഫേപോസ ചുമത്തുന്നത്. എന്നാൽ യുഎപിഎ ചുമത്തിയ സാഹചര്യത്തിൽ പ്രതികൾ പുറത്തുപോകില്ലെന്നത് സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിച്ചേക്കും.