യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർഥികൾ പ്രസിഡന്റ് ഡോണൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മൂന്ന് ഡിബേറ്റുകളിൽ ഏറ്റുമുട്ടും. ആദ്യ ഡിബേറ്റ് സെപ്റ്റംബർ 29ന് ഈസ്റ്റേൺ സമയം രാത്രി 9 മുതൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി ആന്റ് ക്ലീവ്‌ലാൻ ഡക്ലിനികി (ക്ലീവ്‌ലാൻഡ്, ഒഹായോ) ൽ നടക്കും.

ദ കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സിന്റെ അറിയിപ്പ് അനുസരിച്ച് തിരഞ്ഞെടുത്ത ആറ് വിഷയങ്ങളിൽ മൂന്നെണ്ണത്തിനാണ് പ്രാധാന്യം നൽകുക. യുഎസ് സുപ്രീം കോടതിയിലെ ഒഴിവ്, കൊറോണ മഹാമാരി, വംശീയ ഏറ്റമുട്ടലുകൾ എന്നിവയാണ് ഇവ. 90 മിനിട്ട് നീളുന്ന ഡിബേറ്റിൽ 15 മിനിട്ട് വീതമുള്ള ആറ് ഘട്ടങ്ങളുണ്ടാകും. ഫോക്സ് ന്യൂസിന്റെ ക്രിസ്‌വാലസ് മോഡറേറ്ററായിരിക്കും. പ്രധാന വിഷയങ്ങളിൽ ഡിബേറ്റിൽ പങ്കെടുക്കുന്നവരുടെ റിക്കാർഡ് വാലസ് ചോദ്യം ചെയ്യും. പ്രധാന വിഷയങ്ങൾ പുതിയ സംഭവ വികാസങ്ങൾക്ക് വഴി മാറാമെന്ന് കമ്മീഷൻ അറിയിച്ചു.

ഈ ഡിബേറ്റിൽ ട്രംപ് ബൈഡന് മേൽ മേൽക്കൈ നേടുമെന്ന് കൂടുതൽ പേർ അഭിപ്രായപ്പെട്ടു. 47% ട്രംപിന്റെ നേട്ടം പ്രവചിച്ചപ്പോൾ 41% ബൈഡൻ ഡിബേറ്റിൽ തിളങ്ങുമെന്ന് അഭിപ്രായപ്പെട്ടു. ഇവരിൽ 33% മാത്രമേ കൺവെൻഷനുകൾ കണ്ടിരുന്നുള്ളൂ. സ്വതന്ത്രരിലും ട്രംപ് ഭൂരിപക്ഷം നിലനിർത്തി. ട്രംപിനെ 47% വും ബൈഡനെ 37% വും അനുകൂലിച്ചു. മറ്റ് രണ്ട് ഡിബേറ്റുകളിൽ ഒന്ന് ഒക്ടോബർ 15ന് മയാമിയിലും മൂന്നാമത്തേത് ഒക്ടോബർ 22ന് നാഷ്‌വില്ലിലും നടക്കും.

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് ഒരു സംവാദമേ ഉണ്ടാകൂ. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും കാലിഫോർണിയ സെനറ്റർ കമല ഹാരിസും തമ്മിലുള്ള ഡിബേറ്റ് ഒക്ടോബർ 7ന് സാൾട്ട് ലേക്ക് സിറ്റി, യൂട്ടയിലെ യൂണിവേഴ്സിറ്റി ഓഫ് യുട്ടയിലാണ് നടക്കുക. ഈ ഡിബേറ്റിൽ ഹാരിസിനായിരിക്കും മേൽക്കൈ എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. പുതിയ അഭിപ്രായ സർവേയിൽ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ് കൂടുതൽ.

സുപ്രീം കോടതി ജസ്റ്റിസ് രൂത്ത് ജിൻസ് ബർഗിന്റെ ഒഴിവിൽ ഈയാഴ്ച അവസാനമോ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ട്രംപ് പുതിയ ജഡ്ജിയെ നിയമിച്ചേക്കും. തിരക്കിട്ട് ഈ നോമിനിയെ സ്ഥിരപ്പെടുത്തു എന്നും ട്രംപ് പറയുന്നു. പ്രധാന കാരണം തോല്ക്കുന്ന സ്ഥാനാർത്ഥി കോടതിയെ സമീപിക്കും എന്ന ആശങ്കയാണ്. രണ്ട് പേരിലാരായാലും ചോദ്യം ചെയ്യുക തിരഞ്ഞെടുപ്പ് നടപടികൾ ആയിരിക്കും. ബൈഡൻ വിജയിച്ചാൽ മെയിൽ ഇൻ വോട്ടുകളിൽ ട്രംപ് പഴിചാരും. ട്രംപ് വിജയിച്ചാൽ മെയിൽ ഇൻ വോട്ട് പല കാരണങ്ങൾ ഉദ്ധരിച്ച് നിഷേധിച്ചു എന്ന് ബൈഡൻ ആരോപിക്കും.

ക്രിമിനലുകൾ കോടതി ഫീസ് മുഴുവൻ നൽകിയില്ലെങ്കിൽ വോട്ടവകാശം നിഷേധിക്കുന്ന നിയമം റദ്ദാക്കുവാൻ സുപ്രീം കോടതിയിലെത്തിയ കേസ് പരിഗണിച്ചു വരികയാണ് ജിൻസ് ബർഗ് മരിച്ചത്. നിയമം റദ്ദാക്കിയിരുന്നെങ്കിൽ ഫ്ലോറി‍ഡയിൽ തങ്ങൾക്ക് അനുകൂലമായി ആയിരക്കണക്കിന് വോട്ടുകൾ കൂടുതൽ ലഭിക്കുമായിരുന്നു എന്ന് ഡെമോക്രാറ്റുകൾ പറയുന്നു. ട്രംപിനെതിരെ മറ്റൊരു വിചാരണ വന്നാൽ താൻ ഇപ്പോൾ നിയമിക്കുന്ന ജസ്റ്റിസ് കൂടി സുപ്രീം കോടതിയിൽ ഉണ്ടായാൽ കൂടുതൽ ആശ്വാസമായിരിക്കുമെന്ന് ട്രംപ് കരുതുന്നു.

ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിച്ചത് യുഎസിലാണ് 68 ലക്ഷം. മരിച്ചവരും കൂടുതൽ ഇവിടെ തന്നെ – 2 ലക്ഷം പേർ. കണക്കുകൾ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ ട്രാക്കർ അനുസരിച്ചാണ്. മഹാമാരിയെ നേരിടാൻ ട്രംപ് സ്വീകരിച്ച നടപടികൾ അപര്യാപ്തമായിരുന്നു, രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയില്ല, ജനങ്ങളെ ബോധ്യപ്പെടുത്തിയില്ല എന്നീ ആരോപണങ്ങളുദ്ധരിച്ച് ബൈഡൻ ആക്രമണം തുടരും.

സ്വരക്ഷയ്ക്കു ഇതുവരെ നിരത്തിയിട്ടുള്ള വാദങ്ങൾ ട്രംപ് ആവർത്തിക്കും. ഇപ്പോൾ സ്വീകരിക്കുന്ന നടപടികളും പ്രതിരോധമരുന്നിന്റെ വിവരങ്ങളും നൽകും. ഇവ എത്രത്തോളം സ്വീകാര്യമാണെന്നു പ്രേക്ഷകർ തീരുമാനിക്കും. വംശീയതയുടെ പേരിലുണ്ടായ കലാപങ്ങൾ ന്യായീകരിക്കുവാൻ ബൈഡൻ ശ്രമിക്കും. ഉത്തരവാദി ട്രംപാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കും. കലാപങ്ങൾക്ക് വെടിമരുന്നേകുന്നത് ചില ക്രിമിനൽ മനസ്സുകളാണെന്ന് ട്രംപിന്റെ വാദം ഡിബേറ്റ് ചൂട് പിടിപ്പിക്കും.

ട്രംപിനെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടാവും. പ്രകോപിതനാവാതിരിക്കുവാൻ ട്രംപ് പ്രത്യേകം ശ്രദ്ധിച്ചാൽ ഏറെ പേരുടെ അപ്രിയം ക്ഷണിച്ചു വരുത്താതെയിരിക്കാം. മോഡറേറ്റർ വാലസിന്റെ നിഷ്പക്ഷത വളരെ പ്രധാനമാണ്. ഡിബേറ്റിൽ പങ്കെടുക്കുന്ന രണ്ടു പേരോടും നീതി പൂർവമായി പെരുമാറി എന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.