ന്യൂഡല്‍ഹി : ലോക് ഡൗണ്‍ സമയത്തെ ക്രൂഡോയില്‍ കരുതല്‍ ഇന്ത്യയ്ക്ക് നേടി കൊടുത്തത് വന്‍ ലാഭം. കൊറോണയെ തുടര്‍ന്ന് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ഏപ്രില്‍- മെയ് മാസങ്ങളില്‍ ഇന്ത്യ ക്രൂഡോയില്‍ ശേഖരിച്ചത് വഴി 5,000 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയെ തുടര്‍ന്ന് ഏപ്രില്‍- മെയ് മാസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ താഴ്ന്നിരുന്നു. ഈ സമയത്ത് പദുര്‍, വിശാഖപട്ടണം, മംഗളൂരു എന്നിവിടങ്ങളിലെ തന്ത്രപ്രധാന ഓയില്‍ സംഭരണികള്‍ ശേഖരിച്ചിരുന്നു. പ്രസ്തുത സമയത്ത് 16.71 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ ശേഖരിച്ചത്. ഇതിലൂടെ 5,000 കോടി രൂപയുടെ ലാഭമാണ് ഇന്ത്യയ്ക്ക് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി മാസത്തില്‍ ബാരലിന് 60 ഡോളര്‍ മാത്രമാണ് വിലയുണ്ടായിരുന്നത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില മൂന്നില്‍ ഒന്നായി കുറഞ്ഞു. ഏപ്രില്‍- മെയ് മാസത്തില്‍ ബാരലിന് വിപണിയില്‍ 19 ഡോളര്‍മാത്രമായിരുന്നു വിലയുണ്ടായിരുന്നത്.