തിരുവനന്തപുരം : ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 20,150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കൊറോണ രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ട്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20,150 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുകയും 84 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. പുതിയ രോഗികള്‍ ഇരട്ടിയ്ക്കുന്ന ഇടവേള 27.4 ല്‍ നിന്ന് 23.2 ദിവസമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ കൊറോണ പരിശോധന ഇരട്ടിയാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവയുമായി ചര്‍ച്ച നടത്തണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, എന്നീ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ദ്ധനവുണ്ട്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.