ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് കുതിക്കുന്നു. കേന്ദ്രസര്‍ക്കാരും ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകാശാലയും വേള്‍ഡോമീറ്ററും നല്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,845,003 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ 93,215 പേര്‍ക്കാണ് രോഗം ബാധിച്ചത്.
79,754 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3,777,044 പേര് രോഗമുക്തി നേടി. കോവിഡ് ബാധിതര്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, തെലങ്കാന, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ 10 ലക്ഷത്തിനു മുകളിലും ആന്ധ്രയില്‍ അഞ്ചരലക്ഷത്തിലേറെയും കോവിഡ് ബാധിതരുണ്ട്. തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കര്‍ണാടകയിലും നാലര ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ട്.
ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ യഥാക്രമം മൂന്ന് ലക്ഷത്തിനും രണ്ടു ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതര്‍. പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ഒഡീഷ, അസം, ഗുജറാത്ത്, കേരളം, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.
മഹാരാഷ്ട്രയും തമിഴ്നാടും കര്‍ണാടകവുമാണ് മരണ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍) വൈറസ് ബാധയേത്തുടര്‍ന്നുള്ള മരണനിരക്ക് ദിനംപ്രതി ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.



